കൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കേണ്ടത് കൃഷിയിടങ്ങളില്‍: മന്ത്രി പി. പ്രസാദ്
1452121
Tuesday, September 10, 2024 3:33 AM IST
അങ്കമാലി: കൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകേണ്ടത് കൃഷി ഭവനുകളിലല്ല, കൃഷിയിടങ്ങളിലാണെന്ന് മന്ത്രി പി. പ്രസാദ്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ഓഫീസുകള്‍ സ്മാര്‍ട്ടാകണമെങ്കില്‍ കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളില്‍ എത്തണം. മീറ്റിംഗ്, റിപ്പോര്‍ട്ട്, ഫയല്‍ എന്നിങ്ങനെയുള്ള സാങ്കേതികത്വം പറഞ്ഞ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് തടസമുണ്ടാകാന്‍ പാടില്ല.
ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും കര്‍ഷകര്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാകുന്നതിനും സോഫ്റ്റ്വേര്‍ തയാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ കണ്ണു നിറഞ്ഞാല്‍ സര്‍വനാശമാണ്. അവരുടെ മനസാണ് നിറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സേവനങ്ങളും കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കതിര് എന്ന പേരില്‍ മെബൈല്‍ ആപ്പ് നടപ്പാക്കിയിരിക്കുന്നതെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പത്മശ്രീ സത്യനാരായണയ്ക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ ബിന്‍സി ഏബ്രഹാം പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, മുന്‍ എംഎല്‍എ പി.ജെ. ജോയി, അങ്കമാലി നഗരസഭാ ചെയര്മാന് മാത്യു തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.