നാവികസേനയ്ക്ക് രണ്ട് അന്തർവാഹിനി ആക്രമണ-പ്രതിരോധ കപ്പലുകൾകൂടി
1452119
Tuesday, September 10, 2024 3:33 AM IST
നിർമിച്ചത് കൊച്ചി കപ്പൽശാല
കൊച്ചി: നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിച്ച രണ്ട് അന്തർവാഹിനി ആക്രമണ-പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നീറ്റിലിറക്കി.
ശത്രുസേനയുടെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പെടെയുള്ള പുതിയ കപ്പലുകൾ, നാവികസേനയുടെ പ്രതിരോധ സംവിധാനങ്ങളിലെ മികവുയർത്തുന്നതാണ്. 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകൾക്കു പരമാവധി 25 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാനാകും. നൂതന റഡാർ സിഗ്നലിംഗ് സംവിധാനമുള്ള സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ പൂർണമായും തദ്ദേശീയമായാണ് നിർമിച്ചിട്ടുള്ളത്.
പുതിയ രണ്ടു കപ്പലുകൾകൂടി നീറ്റിലിറക്കിയതതോടെ ഇന്ത്യൻ നാവികസേന സ്വന്തമാക്കിയ എട്ട് കപ്പലുകളിൽ അഞ്ചും നിർമിച്ചത് കൊച്ചി കപ്പൽശാലയാണെന്ന പ്രത്യേകതയുമുണ്ട്.
പുതിയ കപ്പലുകൾ ഐഎൻഎസ് മാൽപേ, ഐഎൻഎസ് മുൾക്കി എന്നീ പേരുകളിൽ അറിയപ്പെടുമെന്ന് നാവികസേന അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ ഐഎൻഎസ് മാഹി, ഐഎൻഎസ് മാൽവൻ, ഐഎൻഎസ് മാംഗ്രോൾ എന്നീ മൂന്നു കപ്പലുകൾ കൊച്ചി കപ്പൽശാല നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കിയിരുന്നു.
ഇന്നലെ കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങിൽ ദക്ഷിണനാവികസേനാ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, വിജയ ശ്രീനിവാസ്, കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ, ഡയറക്ടർമാർ, നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.