ഇടിയോടിടി : കൂത്താട്ടുകുളത്ത് ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്
1452114
Tuesday, September 10, 2024 3:32 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ആറു വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 35 പേർക്ക്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോയ വാഹനങ്ങളാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിമുട്ടിയത്.
ഇന്നലെ വൈകുന്നേരം 3.45 നാണ് അപകടം ഉണ്ടായത്. എംസി റോഡിൽ കൂത്താട്ടുകുളം വി സിനിമ തിയറ്ററിന് സമീപം ആറു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
റോഡിനു മധ്യഭാഗത്തായി നിർത്തിയ ജീപ്പിന് പിന്നിൽ പിക്കപ്പും അതിനു പിന്നിൽ ടിപ്പറും ട്രാവലറും കെഎസ്ആർടിസി ബസും ബസിനു പിന്നിൽ മറ്റൊരു കാറും ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിലും ട്രാവലറിലും കാറിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ കാർയാത്രിക, പാമ്പാടി ഇടത്തനാട് ബോബിന വർഗീസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടെങ്കിലും കൂത്താട്ടുകുളം അഗ്നി രക്ഷാസേനയും പോലീസും എത്തി ഗതാഗതം പുനസ്ഥാപിച്ചു.