"അമൃതി'ല്‍ കൊച്ചി വെള്ളം കുടിക്കും
1452113
Tuesday, September 10, 2024 3:32 AM IST
കൊച്ചി: കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും കനാലുകളുടെ നവീകരണത്തിനുമായുള്ള കേന്ദ്ര പദ്ധതിയായ അമൃത് പ്രൊജക്ടിന്റെ നടത്തിപ്പില്‍ കൊച്ചി പിന്നില്‍. അമൃത് ഒന്നാം ഘട്ടം ഡിസംബര്‍ 31 ന് മുന്‍പായി തീര്ക്കണമെന്നിരിക്കെ, ഇതുവരെ ചെലവഴിച്ചത് 70 ശതമാനം തുക മാത്രം. ശേഷിക്കുന്ന 30 ശതമാനം നാലു മാസത്തിനുള്ളിൽ പൂര്‍ത്തീകരിക്കണം. അല്ലാത്തപക്ഷം കേന്ദ്ര സഹായം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും.
അമൃതിന്റെ ഒന്നാം ഘട്ടത്തില്‍ 113 പദ്ധതികളാണു കോര്‍പറേഷനില്‍ നടപ്പാക്കുന്നത്. 270.51 കോടിയാണ് ആകെ ചെലവ്. ഇതില്‍ 94 പദ്ധതികളാണു പൂര്‍ത്തിയാക്കിയിട്ടുള്ളത്. ചെലവഴിച്ചത് 201 കോടി. 19 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതിലേറെയും ജല അഥോറിറ്റിയുമായി ബന്ധപ്പെട്ടുള്ള 15 പദ്ധതികളാണ്.
ഡിസംബര്‍ 31ന് മുന്‍പായി ഈ പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാക്കി പണിയുടെ തുക കോര്പറേഷന് സ്വന്തം നിലയില്‍ കണ്ടെത്തണം. കൊച്ചിയുള്‍പ്പെടെ ഒന്‍പത് നഗരങ്ങളാണ് അമൃത് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. പണം ചെലവഴിച്ചതില്‍ എട്ടാം സ്ഥാനത്താണു കൊച്ചി.
92 ശതമാനം തുക വിനിയോഗവുമായി കണ്ണൂരാണ് മുന്നില്‍.
കോഴിക്കോട് (91), തൃശൂര്‍ (88), ഗുരുവായൂര്‍ (86), ആലപ്പുഴ (83), പാലക്കാട് (81), തിരുവനന്തപുരം (74) എന്നിങ്ങനെയാണ് കൊച്ചിക്ക് മുകളിലുള്ള നഗരങ്ങളിലെ തുക വിനിയോഗ ശതമാനം. കൊച്ചിക്ക് താഴെയുള്ള ഏക നഗരമായ കൊല്ലമാണ് (63 ശതമാനം) തുക വിനിയോഗ പട്ടികയില്‍ ഏറ്റവും പിന്നില്‍.