ഈ ഓണത്തിനും ഗോശ്രീ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കില്ല !
1452112
Tuesday, September 10, 2024 3:32 AM IST
പെര്‍മിറ്റ് ലഭിച്ചെങ്കിലും ബസും ഡ്രൈവറും ഇല്ല
കൊച്ചി: വൈപ്പിന്‍ കരക്കാരുടെ ചിരകാല സ്വപ്നമായ ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഈ ഓണക്കാലത്തും ഉണ്ടായേക്കില്ല. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി 20 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ബസുകളും ജീവനക്കാരും ഇല്ലാത്തതിനാല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി.
വൈപ്പിനില്‍ നിന്ന് കലൂര്‍, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് 20 പുതിയ പെര്‍മിറ്റുകള്‍ അനുവദിച്ചത്. തിരക്കുള്ള സമയങ്ങളില്‍ 10 മുതല്‍ 15 മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളില്‍ അര മണിക്കൂര്‍ ഇടവേളയിലുമാണ് സര്‍വീസ് ഉണ്ടാകുക. ഓണത്തോടനുബന്ധിച്ച് സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി.
പക്ഷെ ഡ്രൈവര്‍മാരുടെ അഭാവവും ബസ് ഇല്ലാത്തതും തിരിച്ചടിയായി. പ്രതിസന്ധി മറികടക്കാന്‍ താല്ക്കാലികാടിസ്ഥാനത്തില് ഡ്രൈവര്‍മാരെ നിയമിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.
നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് വൈപ്പിനില്‍ നിന്ന് നഗരത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. പകരം ഹൈക്കോടതിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. 110 സര്‍വീസുകള്‍ ഹൈക്കോടതി വൈപ്പിന്‍ മേഖലകളിലുണ്ട്. കെഎസ്ആര്‍ടിസി നിലവില്‍ നഗരങ്ങളിലേക്ക് അഞ്ച് സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്.
പുതിയ പെര്‍മിറ്റുകള്‍ ലഭിച്ചാലും വൈപ്പിന്‍ മേഖലയിലെ യാത്രക്കാരുടെ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ല. വൈപ്പിനില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് പ്രതിദിനം 55,000ത്തോളം ആളുകള്‍ യാത്ര ചെയ്യുന്നു. ബസ് സൗകര്യമാകട്ടെ വളരെ ചുരുക്കവും. ഈ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് കൂടി സിറ്റി പെര്മിറ്റു അനുവദിക്കണമെന്നാണ് രണ്ട് പതിറ്റാണ്ടായുള്ള വൈപ്പിന്‍കാരുടെ ആവശ്യം.
നേരിട്ടുള്ള ബസ് സര്‍വീസുകള്‍ വന്നാല്‍ ഈ റൂട്ടില്‍ ഉപയോഗിക്കുന്ന സ്വാകാര്യ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് ചെയര്മാന് ഡി. ധനുരാജ് പറഞ്ഞു.