ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിതർ വർധിക്കുന്നു ; ഒരു മരണം
1451953
Monday, September 9, 2024 7:48 AM IST
കൊച്ചി: മഴ വീണ്ടും തുടങ്ങിയതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധയിടങ്ങളിലായി 122 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമേ എട്ടു പേര്‍ക്ക് വീതം എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപെട്ടതായി ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു.
വിവിധ ആശുപത്രികളിലായി ആറു ദിവസത്തിനിടെ 4726 പേരാണ് പനിക്ക് ചികിത്സ തേടിയത്. മുമ്പൊരിക്കലും ഇല്ലാത്ത വിധമാണ് ജില്ലയില്‍ ഡെങ്കി വ്യാപനം. തൃക്കാക്കര, കളമശേരി നഗരസഭകള്‍ക്കു പുറമെ ഗ്രാമപ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പകര്‍ച്ചവ്യാധികള്‍ കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.പനി പടരുന്ന സാഹചര്യത്തിലും നഗരത്തിലടക്കം ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ അവതാളത്തിലാണ്. ഇതോടെ കൊതുകുശല്യവും രൂക്ഷമാണ്. ഇടവിട്ടു പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണു ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകാന്‍ കാരണം.
മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ചെയ്യാതെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണം.