ഉയരപ്പാത നിർമാണത്തിനിടെ ഡ്രില്ലിംഗ് റിംഗ് മറിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്
1451947
Monday, September 9, 2024 7:48 AM IST
അരൂർ: അരൂർ-തുറവൂർ ആകാശപാത നിർമാണത്തിനിടെ റോട്ടറി ഡ്രില്ലിംഗ് റിംഗ് നിലംപൊത്തി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് കൂറ്റൻ യന്ത്രം എസ്കവേറ്ററിന് മുകളിലേക്ക് മറിഞ്ഞുവീണത്.
ഈ സമയം എസ്കവേറ്ററിലുണ്ടായിരുന്ന തൊഴിലാളിയുടെ കാലിനാണ് പരിക്കേറ്റത്. ഡ്രില്ലിംഗ് നടത്തുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നതാണ് അപകട കാരണം. ചന്തിരൂർ പാലത്തിന് സമീപം അൽ-അമീൻ സ്കൂൾ റോഡിലേക്കാണ് യന്ത്രം മറിഞ്ഞത്. ഗതാഗത തടസം ഉണ്ടായതോടെ പഴയ റോഡ് വഴിയും മറ്റും ഗതാഗതം പുനസ്ഥാപിച്ചു.
ഈ ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അപകടം പുലർച്ചെ ആയിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.