പോയാലിമല ടൂറിസം പദ്ധതി ജലരേഖയാകുമോ ?
1451946
Monday, September 9, 2024 7:47 AM IST
മൂവാറ്റുപുഴ: ഏറെകൊട്ടി ഘോഷിച്ച് പ്രഖ്യാപനം നടത്തിയ പോയാലിമല ടൂറിസം പദ്ധതി ഒരുവർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ടൂറിസം പദ്ധതിയുടെ പ്രഥാമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽനിന്നു 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നേകാൽ വർഷം കഴിഞ്ഞു. നൂറുകണക്കിനാളുകൾ എത്തുന്ന പായിപ്ര പഞ്ചായത്തിലെ പോയാലിമല കേന്ദ്രീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ച ടൂറിസം പദ്ധതിയാണ് എങ്ങും എത്താതെ കിടക്കുന്നത്.
ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതി തയാറാക്കി 12 ഏക്കർ സ്ഥലം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്നു തിട്ടപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വടംവലികളെതുടർന്ന് ഇതിനു പിന്നാലെയാണ് റവന്യൂ വകുപ്പ്സ്ഥലം ടൂറിസം വകുപ്പിന് വിട്ടുനൽകി ഉത്തരവ് എത്തിയത്. ഇടതു ജനപ്രതിനിധികളുടെ നിവേദനത്തെ തുടർന്നായിരുന്നു പെട്ടന്ന് സ്ഥലം വിട്ടുനൽകിയത്.
പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയിലെ റവന്യൂ, പാറ പുറമ്പോക്ക് ഭൂമിയായ 12.94 ഏക്കർ സ്ഥലത്തിൽനിന്നും 50 സെന്റ് സ്ഥലമാണ് പദ്ധതിക്കായി വിട്ടുനൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശ റവന്യൂ വകുപ്പിൽ നിലനിർത്തിയാണു 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയത്. സ്ഥലത്ത് നിർദിഷ്ട പദ്ധതി മാത്രമേ നടപ്പക്കാവൂ എന്നും പ്രകൃതിയുടെ സ്വഭാവികത നിലനിർത്തി സ്ഥിര നിർമാണപ്രവർത്തനങ്ങൾ നടത്താതെയാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും നിർദേശിച്ചായിരുന്നു ഭൂമി വിട്ടുനൽകിയത്. എന്നാൽ വർഷം ഒന്നേകാൽ കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾപോലും നടന്നില്ല.
തങ്ങളുടെ പക്കൽനിന്നും പദ്ധതി കൈവിട്ടതോടെ പഞ്ചായത്തും ഇതിൽതാൽപ്പര്യം കാണിക്കുന്നില്ല. സമുദ്ര നിരപ്പിൽനിന്ന് 600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന റോഡ് നിർമാണം, റോപ് വേ, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുക, മലമുകളിലെ അത്ഭുത കിണറും, കാൽപ്പാദവും, വെളളച്ചാട്ടവും, കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക എന്നിവയായിരുന്നു വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്.