നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ചു
1451944
Monday, September 9, 2024 7:47 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ചുകയറി. അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. മൂവാറ്റുപുഴ-പെരുന്പാവൂർ റോഡിൽ പേഴയ്ക്കാപ്പിള്ളി ‘എസ്’ വളവിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അപകടം.
ചെങ്ങന്നൂർ ഭാഗത്തുനിന്നു റബർ തടിയുമായി പെരുന്പാവൂരിന് പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇതേ ദിശയിൽ തൊടുപുഴയിൽനിന്ന് പെരുന്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. തൊടുപുഴ സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെതുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സീനിയർ ഫയർ ഓഫീസറായ അനീഷ് കുമാർ, ഫയർ ഓഫീസർ അയൂബ്, സോജൻ ബേബി, കെ.എം. റിയാസ്, സാബു ജോസഫ്, ഗോപിനാഥൻ, അരോമൽ, ടി.കെ. ടോമി എന്നിവരുടെ നേതൃത്വത്തിലാണ് അപകടത്തിൽ തകർന്ന വാഹനങ്ങൾ റോഡിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.