കെട്ടിട നിര്‍മാണ സ്ഥാപനത്തിൽ മോഷണം: മുന്‍ സൂപ്പര്‍വൈസർ അറസ്റ്റിൽ
1451525
Sunday, September 8, 2024 3:51 AM IST
വാഴക്കുളം: ആവോലിയിലെ കെട്ടിട നിര്‍മാണ സ്ഥാപനത്തില്‍ നിന്ന് സാധന സാമഗ്രികള്‍ മോഷ്ടിച്ച മുന്‍ സൂപ്പര്‍വൈസർ പിടിയിൽ. ജാക്കി, സ്പാന്‍, റൂഫിംഗ് ഷീറ്റുകള്‍, പോര്‍ട്ടബിള്‍ മെഷീനുകള്‍, കേബിളുകള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ച കേസിലാണ് സ്ഥാപനത്തിലെ മുന്‍ സൂപ്പര്‍വൈസർ കന്യാകുമാരി കല്‍ക്കുളം സ്വദേശി സരള്‍ വിപ്ലൈ അജിത് (34)നെയാണ് തമിഴ്നാട്ടില്‍നിന്ന് പോലീസ് പിടികൂടിയത്.
കന്യാകുമാരിയിലെ ഭാര്യാഗൃഹത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മഴവില്‍ ഇന്റീരിയേഴ്സ് ആൻഡ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തില്‍ 2014 മുതല്‍ പല പ്രാവശ്യമായി പ്രതി മൂന്നുവട്ടം ജോലി ചെയ്തിട്ടുള്ളതായി സ്ഥാപനം ഉടമ പറഞ്ഞു. പലപ്പോഴും ജോലി വിട്ടുപോയ ശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു.
അവസാനമായി 2022 ജനുവരിയില്‍ ജോലിക്ക് എത്തിയ അജിത് പണിസാധനങ്ങള്‍ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടമ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിവിധ പണി സ്ഥലങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ വിലയുള്ള യന്ത്രങ്ങളും സാമഗ്രികളും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ കന്യാകുമാരിയിലേക്ക് കടന്നുകളഞ്ഞു. കടത്തിയ നിരവധി സാമഗ്രികള്‍ അടുപ്പറമ്പില് നിന്നും കണ്ടെടുത്തു. എസ്ഐ. പ്രദീപ്മോന്‍, എഎസ്ഐ ജോജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്.