പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം: ഡോ. വിജയാ ഭരത്
1451500
Sunday, September 8, 2024 3:24 AM IST
കൊച്ചി: പ്രകൃതിയെ നിരീക്ഷിക്കാനും സ്നേഹിക്കാനും കുട്ടികളെ പരിശീലിപ്പിക്കണമെന്നും അത് അവരെ ഉത്തരവാദിത്വബോധവും കരുതലുമുള്ള വ്യക്തികളാക്കി മാറ്റുമെന്നും ഹൃദ്രോഗവിദഗ്ധയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഡോ. വിജയാ ഭരത്.
രാജഗിരി മീഡിയയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തുന്ന വാരാന്ത്യ വിദ്യാഭ്യാസ പരിശീലന പരിപാടിയായ പള്ളിക്കൂടം ഗ്ലോബല്‍ കണക്ടിന്റെ 75-മത് സെഷനില്‍ 'പ്രകൃതിയോടു ചേര്‍ന്നുള്ള പഠനം: ജീവശാസ്ത്ര അധ്യാപന രീതിയിലെ പരിവര്‍ത്തനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ജീവശാസ്ത്രത്തില്‍ ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. എന്ത് കൊണ്ട് പക്ഷികള്‍ ദേശാടനം ചെയ്യുന്നുവെന്നും സുരക്ഷിതമായി അത് എങ്ങനെ പൂര്‍ത്തീകരിക്കുന്നുവെന്നും ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളില്‍ പ്രകൃതിയോടുള്ള താല്പര്യം ഉണ്ടാക്കുന്നത് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
40 വര്‍ഷമായി ജംഷഡ്പൂരില്‍ സ്ഥിരമാക്കിയിട്ടുള്ള ഡോ. വിജയാ ഭരത് 2018ല്‍ ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ നിന്ന് വിരമിച്ചതിനു ശേഷം പൂര്‍ണമായി പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയായിരുന്നു.
അവരുടെ സ്വന്തമായ നിരീക്ഷണത്തിലൂടെ ജംഷഡ്പൂരില്‍ മാത്രം കണ്ടെത്തിയ 120ല്‍ പരം പൂക്കളുടെ വിവരങ്ങള്‍ 2019ല്‍ ടാറ്റാ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.