മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു
1451498
Sunday, September 8, 2024 3:24 AM IST
കൊച്ചി: മലയാളം സിനി ടെക്നീഷ്യന് അസോസിയേഷന്റെ മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന് ജോഷി സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മാക്ടയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്. രാവിലെ സംവിധായകന് ജോഷി പതാക ഉയര്‍ത്തി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, നടനും സംവിധായകനുമായ ലാല്‍, മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍, ജനറല്‍ സെക്രട്ടറി എം. പത്മകുമാര്‍, സത്യന് അന്തിക്കാട്, ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
"മാറുന്ന ചലച്ചിത്ര ആസ്വാദനം'എന്ന വിഷയത്തില്‍ നടന്ന സിംമ്പോസിയത്തില്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി, വിഷ്ണു ഉണ്ണികൃഷ്ണന്, ബിപിന്‍ ജോര്‍ജ്, സോഹന്‍ സീനുലാല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സന്തോഷ് വര്‍മ, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി, കൈലാഷ്, രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു. പ്രഫ. അജു കെ. നാരായണന് മോഡറേറ്റര്‍ ആയിരുന്നു.
വൈകിട്ട് ടൗണ്‍ഹാളിലെ പ്രധാന വേദിയില്‍ മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. തുടര്‍ന്ന് മാക്ടയുടെ ഫൗണ്ടര്‍ മെമ്പര്‍മാരായ ജോഷി, കലൂര്‍ ഡെന്നിസ്, എസ്.എന്‍. സ്വാമി, ഷിബു ചക്രവര്‍ത്തി, ഗായത്രി അശോക്, രാജീവ് നാഥ്, പോള്‍ ബാബു, റാഫി, മെക്കാര്‍ട്ടിന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.