സൂപ്പര്‍ ലീഗ് കേരള; നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം
1451295
Saturday, September 7, 2024 3:42 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും മത്സരം കാണുവാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്നര്‍ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗതസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസമില്ലാത്ത രീതിയിലും തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം.
ആലപ്പുഴ അടക്കമുളള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസമില്ലാത്ത രീതിയിലും കുണ്ടന്നൂര്‍ വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക്എത്തിച്ചേരേണ്ടതാണ്. കാണികളുമായി എത്തുന്ന ഹെവി വെഹിക്കിള്‍സിന് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
എറണാകുളം ഭാഗത്ത് നിന്ന് വൈകിട്ട് അഞ്ചിനുശേഷം ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യേണ്ടതാണ്.
ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് വൈകിട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്, എസ് എ റോഡ് വഴി പോകണം.