സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങള്‍ ലഭ്യമാക്കിയെന്ന് മന്ത്രി പി. രാജീവ്
1451283
Saturday, September 7, 2024 3:29 AM IST
കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണി ഇടപെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ്. മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
13 ഇന സാധനങ്ങള്‍ക്ക് പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തിയിട്ടുണ്ട്. എഎവൈ കാര്‍ഡുടമകള്‍ക്ക് സൗജന്യ കിറ്റും വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
ഓണക്കാലത്ത് ക്ഷേമപെന്‍ഷന്റെ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. ഫെയറിലെ ആദ്യ വില്പനയും പി. രാജീവ് നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷനായിരുന്നു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ പി.ബി. നൂഹ്, നഗരസഭാ കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍മാരായ എം.ആര്. ദീപു, പി.ടി. സൂരജ്, എന്‍. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. സഹീര്‍, സപ്ലൈകോ എറണാകുളം മേഖലാ മാനേജര്‍ ബി. ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.