മണ്ണാന്‍കടവ് തോട് പുറമ്പോക്ക് ഭൂമിയില്‍ പരിശോധന
1450746
Thursday, September 5, 2024 4:10 AM IST
മൂവാറ്റുപുഴ: നഗരസഭാ പരിധിയിലെ മണ്ണാന്‍കടവ് തോടിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമിയില്‍ താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. നഗരസഭ പതിനാറാം വാര്‍ഡിലെ മണ്ണാന്‍കടവ് തോടും തോടിനോട് ചേര്‍ന്നുള്ള റോഡും ഉള്‍പ്പെടുന്ന പുറമ്പോക്ക് ഭൂമിയാണ് ഉദ്യോഗസ്ഥ സംഘം അളന്ന് തിട്ടപ്പെടുത്തിയത്.
വര്‍ഷങ്ങളായുള്ള പേട്ട നിവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ആരക്കുഴ റോഡില്‍നിന്നും പേട്ട അങ്കനവാടി വരെയുള്ള ഭാഗത്ത് മഴക്കാലങ്ങളില്‍ മണ്ണാന്ക്കടവ് തോട് കാരകവിഞ്ഞ് സ്ലാബിന് മുകളിലൂടെ വെള്ളം ഒഴുകുന്നതും പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതും പതിവാണ്. ആരക്കുഴ റോഡിലേക്ക് കയറുന്ന ലിങ്ക് റോഡിന്റെ സമീപത്ത്കൂടി ആറ് അടിയോളം വീതിയില്‍ ഒഴുകിവരുന്ന തോട് ഒന്നര അടിയിലുള്ള ചെറിയ ഓടയിലൂടെ ഒഴുകുന്നതുമൂലമാണ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്.
ഇത് സംബന്ധിച്ച് വാര്‍ഡ് സഭയില്‍ നിരന്തരമായി പരാതി ഉയരുകയും കൗണ്‍സിലര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുകയും ചെ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പുറമ്പോക്ക് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കും താലൂക്ക് സര്‍വേയര്‍ക്കും മാറാടി വില്ലേജ് ഓഫീസര്‍ക്കും നഗരസഭ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ നല്കിയ നിര്‍ദേശത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മൂവാറ്റുപുഴ താലൂക്ക് സര്‍വേയര്‍ അനസ്, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരിപ്രിയ, ഓവര്‍സിയര്‍ ബിജി ബാബു എന്നിവര്‍ ചേര്‍ന്ന് പുറമ്പോക്ക് ഭൂമിയില്‍ പരിശോധന നടത്തിയത്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തില്‍ പുറമ്പോക്ക് ഭൂമികള്‍ ഏറ്റെടുത്ത് പേട്ട റോഡിന്റെ വീതിയും ഉയരവും കൂട്ടി പ്രശ്നപരിഹാരം കാണണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് ആവശ്യപ്പെട്ടു. തോടിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലം ഉടമകളും പരിശോധനയില്‍ പങ്കെടുത്തു.