കുന്നുകരയിൽ പഞ്ചായത്തംഗങ്ങൾ ഉദ്യോഗസ്ഥരെ ഉപരോധിച്ചു
1445082
Thursday, August 15, 2024 8:16 AM IST
നെടുമ്പാശേരി : കുന്നുകര പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും പരിഹാരം കാണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങൾ വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു. പ്രശ്നം പലതവണ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു പരിഹാരവുമില്ലെന്നാരോപിച്ചായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.
വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബി പുതുശേരി, സിജി വർഗീസ്, പഞ്ചായത്തംഗം ജിജി സൈമൺ തുടങ്ങിയവരാണ് കരിയാട് വാട്ടർ അഥോറിറ്റി ഓഫീസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും ഉപരോധിച്ചത്. ജല ജീവൻ മിഷന്റെ ഭാഗമായി റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് കുഴികൾ എടുത്തപ്പോൾ നിലവിലുള്ള കുടിവെള്ള പൈപ്പുകൾ പലയിടങ്ങളിലും പൊട്ടി വെള്ളം ലീക്ക് ആകുകയാണ്. ഇത് മൂലം മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നില്ല.
പൈപ്പ് പൊട്ടിയത് യഥാസമയങ്ങളിൽ അറ്റകുറ്റപണികൾ നടത്താത്തത് മൂലം കുന്നുകര, ചാലാക്ക, വയൽകര, കുറ്റിപ്പുഴ, അടുവാശേരി പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്.
ഈ വിഷയത്തിൽ ഉടൻ പരിഹാരം കണ്ടെത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് ജനപ്രതിനിധികൾ തത്കാലം സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കപ്പെടാത്ത പക്ഷം റോഡ് തടയൽ ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.