പുതിയ ബസ് റൂട്ടുകള്‍: ജനകീയ സദസ് 19ന്
1445078
Thursday, August 15, 2024 8:16 AM IST
അങ്കമാലി: ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നു. ഇതോടനുബന്ധിച്ച് നഗരസഭയും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അങ്കമാലി നിയോജകമണ്ഡലം തലത്തിലുള്ള ജനകീയ സദസ് 19 നു രാവിലെ പതിനൊന്നിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനകീയ സദസില്‍ പുതിയ റൂട്ടുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനപ്രതിനിധികള്‍, പോലീസ്, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, കെഎസ്ആര്‍ടിസി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ജനകീയ സദസില്‍ പങ്കെടുക്കണം.
അഭിപ്രായങ്ങള്‍ വിലയിരുത്തി യാത്രക്ലേശമുള്ള റൂട്ടുകള്‍ കണ്ടെത്തും. ഓരോ റൂട്ടിനും വേണ്ടി വിശദമായ റിപ്പോര്‍ട്ട് ആര്‍ടിഒ തയാറാക്കും. ബസ് സര്‍വീസുകള്‍ ഇല്ലാത്ത റൂട്ടുകളില്‍ പുതിയ ബസ് പെര്‍മിറ്റുകളുടെ അനുമതിക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് ആര്‍ടിഒ സി.കെ. സുല്‍ഫിക്കര്‍ അറിയിച്ചു.