എന്‍ഐആര്‍എഫ് റാങ്കിംഗിൽ തിളങ്ങി രാജഗിരി
1445075
Thursday, August 15, 2024 8:16 AM IST
കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2024ലെ പട്ടികയില്‍ കോളജ് വിഭാഗത്തില്‍ 20-ാം റാങ്ക് സ്വന്തമാക്കി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (ഓട്ടോണമസ്). കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ മികവിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ് ) പുറത്തിറക്കിയ പട്ടികയിലാണ് രാജഗിരി ഇടം നേടിയത്.
രാജ്യത്തെ 10,845 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണു റാങ്കിംഗിനായി പരിഗണിച്ചത്. അക്കാദമിക മികവ്, നൂതനമായ പഠന സമ്പ്രദായം, ഗവേഷണം, വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനം എന്നിവ കണക്കിലെടുത്താണു രാജഗിരിയെ റാങ്കിംഗിൽ ഉൾപ്പെടുത്തിയത്.
മാറിവരുന്ന അന്തരീക്ഷത്തില്‍ ആഗോള വീക്ഷണത്തോടെ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതാണ് രാജഗിരിയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പൽ റവ. ഡോ. എം.ഡി. സാജു പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് 69 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള രാജഗിരി, കേരളത്തിലെ സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമിന്റെ വഴികാട്ടി എന്ന നിലയിലും ശ്രദ്ധേയമാണ്. ഇവിടെ 2,000ത്തിലധികം വിദ്യാര്‍ഥികള്‍ ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്.