‘കർഷകരുടെ ബാങ്ക് വായ്പാ പലിശ എഴുതി തള്ളണം’
1445069
Thursday, August 15, 2024 8:15 AM IST
കോതമംഗലം: സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്നും കർഷകർ എടുത്തിട്ടുള്ള കാർഷിക വായ്പാ പലിശ പൂർണമായി എഴുതി തള്ളി ദീർഘകാല വായ്പയായി പുതുക്കി നൽകാൻ സർക്കാർ തയാറാകണമെന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷക കോ - ഓർഡിനേഷൻ കിഴക്കൻ മേഖല കമ്മിറ്റി കോതമംഗലം എന്റെ നാട് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യത്താലും പ്രകൃതി ക്ഷോഭം മൂലവും കൃഷിനാശം സംഭവിച്ച കർഷകർക്ക് കോതമംഗലം മണ്ഡലത്തിൽ മാത്രം നാല് കോടിയോളം രൂപയുടെ നഷ്ടപരിഹാരമാണ് ലഭിക്കാനുള്ളത്. കർഷക ക്ഷേമനിധി ആനുകൂല്യം, നെൽകർഷകർക്കുള്ള വില സ്ഥിരതാ ഫണ്ട് എന്നിവ കുടിശിഖ തീർത്തു നൽകാനും സർക്കാർ തയാറാകണമെന്ന് കോ - ഓർഡിനേഷൻ കർഷക സംഗമം ആവശ്യപ്പെട്ടു.
യോഗത്തിൽ കോ - ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത കൃഷികളിലും സമ്മിശ്ര കൃഷികളിലും മികവു തെളിയിച്ച 100 ഓളം കർഷരെ ആദരിച്ചു.