സ്വാതന്ത്ര്യദിന വിളംബരം
1445068
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന് ആദരവും സ്വാതന്ത്ര്യദിന വിളംബര റാലിയും നടത്തി മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂള്‍. 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
സ്കൂള്‍ ബാന്‍ഡ് സെറ്റിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം അണിഞ്ഞ കുട്ടികളും എന്‍സിസി കേഡറ്റുകളും സ്കൂള്‍ വിദ്യാര്‍ഥികളും റാലിയില്‍ അണിനിരന്നു. വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ആരംഭിച്ച യോഗത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ‘കാന്‍വാസ്’ മുണ്ടക്കൈ ഗ്രാമത്തിന്റെ ദുരന്തമുഖങ്ങളെ ഒപ്പിയെടുക്കുന്നതായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്റണി പുത്തന്‍കുളം ദീപം തെളിച്ചു. തുടര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീരജവാന് കേണല്‍ ജയപാലിനെ ആദരിച്ചു. സകൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം റിട്ട.കേണല്‍ ഇ.കെ. ജയപാല്‍ ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ വിളംബരം നടത്തി. സ്കൂൾ മൈതാനത്ത് ഇന്ത്യയുടെ ഭൂപടം വരച്ച് അതിൽ നിരന്ന് വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിളംബരം നടത്തിയത്. സ്വാതന്ത്ര്യ ദിനാചരണ പോസ്റ്റുകൾക്കൊപ്പം സേവ് വയനാട് പോസ്റ്ററുകളും ത്രിവർണ പതാകകളുമേന്തി കുട്ടികൾ അണിനിരന്നു. പതാക നിർമാണം, ക്വിസ്, ദേശഭക്തിഗാനം, പോസ്റ്റർ രചന, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടായി. മുൻ അധ്യാപകൻ ഡി. ശുഭലൻ മുഖ്യസന്ദേശം നൽകി. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ സമാഹരിച്ച 41750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സ്വാതന്ത്ര്യദിന സന്ദേശ റാലി
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി എൻസിസി, എൻഎസ്എസ്, വിദ്യാർഥികൾ ചേർന്ന് റാലിയും പരേഡും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പിറവത്ത് ആരംഭിച്ച ആഘോഷ പരിപാടി പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. വിസാറ്റ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ രാജു മാവുങ്കൽ സന്ദേശം നൽകി. ഇലഞ്ഞിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ.അനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ജോസഫ് എന്നിവർ സംസാരിച്ചു.
കൂത്താട്ടുകുളത്ത് നടന്ന സമാപന റാലി നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ കെ.ദിലീപ്, ആർട്സ് കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ, അഡ്മിഷൻ ഓഫീസർ ബിൻസ് ജോൺ, പ്രഫ. കെ.ആർ. രാഹുൽ, പ്രഫ. കെ.ജെ.ജയലക്ഷ്മി, ഷാജി ആറ്റുപുറം തുടങ്ങിയവർ നേതൃത്വം നൽകി. സമാപനത്തോട് അനുബന്ധിച്ച് കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്ത് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി.
അരിക്കുഴ: കാവന പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ വിദ്യാർഥികൾ. കുട്ടികൾ നിർമിച്ച പതാകയും സ്വാതന്ത്ര്യ ദിന സന്ദേശ കാർഡും അന്തേവാസികൾക്ക് സമ്മാനമായി നൽകി. കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ക്വിസ്, ദേശഭക്തി ഗാനം, സ്കിറ്റ് എന്നിവ പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്കായി കുട്ടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി. സിസ്റ്റർ സോഫിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അനീഷ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു.