അക്ബർ നേര്യമംഗലത്തിന് എക്സലൻസ് പുരസ്കാരം
1444783
Wednesday, August 14, 2024 3:48 AM IST
കോതമംഗലം: കോൽക്കത്ത ആസ്ഥാനമായുള്ള എക്സെല്ലർ ബുക്സിന്റെ സാഹിത്യ രംഗത്തെ 2024ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് കവിയും മാധ്യമപ്രവർത്തകനുമായ അക്ബർ നേര്യമംഗലം അർഹനായി. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാർക്ക് വർഷംതോറും നൽകുന്ന അവാർഡാണ് മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് അക്ബറിനെ തേടിയെത്തിയത്. പ്രശസ്തിപത്രവും 20000 രൂപയുടെ പുസ്തക വൗച്ചറുമടങ്ങുന്നതാണ് അവാർഡ്.
ബാംസുരി, അക്ബറോവ്സ്കി, കുയിൽ ഒരു പക്ഷി മാത്രമല്ല എന്നീ കവിതാസമാഹാരങ്ങളും ഇല തൊട്ട് കാടിനെ വായിക്കുന്നു എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകങ്ങൾ അക്ബറിന്റേതാണ്. പ്രണയ കവിതകളുടെ സമാഹാരം "നിന്നെക്കുറിച്ചുള്ള കവിതകൾ’ എന്ന പുസ്തകം ഈ വർഷം പുറത്തിറങ്ങും. കൂടാതെ അക്ബറിന്റെ മാതാവിനെക്കുറിച്ചുള്ള കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരം പണിപ്പുരയിലാണ്.
നേര്യമംഗലം സ്വദേശിയായ കബറിന് സംസ്കാര സാഹിതി പുരസ്കാരം, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് എംപവർമന്റ് അവാർഡ്, പുരോഗമന കലാസാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചറിൽ കവിതകൾ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഭാര്യ : നഫീസ. മക്കൾ : അഹാന, സുനേന.