റോഡിന് കുറുകെ തടിലോറി മറിഞ്ഞു
1443300
Friday, August 9, 2024 3:57 AM IST
കോതമംഗലം: റോഡിന് കുറുകെ തടിലോറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30ഓടെ നെല്ലിക്കുഴി - ഇരമല്ലൂർ - ചെറുവട്ടൂർ റോഡിൽ ഇരമല്ലൂർ റേഷൻകടയ്ക്ക് മുന്പിലായിരുന്നു അപകടം.
റബർ തടിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോഡുമായെത്തിയ ലോറി കയറ്റം കയറാതെ വന്നതോടെ പിന്നിലേക്ക് പോന്നതാണ് അപകടത്തിന് കാരണമായത്. വളവും കുത്തനെയുള്ള കയറ്റവും ഈ റോഡിൽ പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.
വലിയ തടി ലോറികൾ സ്ഥിരം ആശ്രയിച്ചിരുന്ന ചെറുവട്ടൂർ - ഇരുമലപ്പടി റോഡിൽ ഇരുമലപ്പടിയിലെ കലുങ്ക് പണിമൂലം ഗതാഗതം തടസപ്പെട്ടതോടെ ഇത്തരം വാഹനങ്ങൾ ഇരമല്ലൂർ റോഡിലൂടെയാണ് പോകുന്നത്.
കോതമംഗലം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തടി മറ്റൊരു ലോറിയിലേക്ക് കയറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.