യുവതി ഉള്‍പ്പെട്ട ബൈക്ക് മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍
1443277
Friday, August 9, 2024 3:26 AM IST
കൊച്ചി: യുവതി ഉള്‍പ്പെട്ട ബൈക്ക് മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അഷ്കര്‍ അലിയെയാണ് സെന്‍ട്രല്‍ സിഐ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കടവന്ത്രയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഏഴിലധികം വാഹന മോഷണക്കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ 15 ലധികം കേസുകളുണ്ട്. ഇയാളുടെ കൂട്ടാളിയും സംഘാംഗവുമായ യുവതിയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ഒറ്റയ്ക്ക് ഇരുചക്ര വാഹനത്തില്‍ ഇരിക്കുന്ന ആളുകളുടെ അരികിലെത്തുന്ന സംഘാഗമായ യുവതി മൊബൈല്‍ ഫോണ്‍ ചോദിക്കുകയോ, എന്തെങ്കിലും പറഞ്ഞ് ശ്രദ്ധ തിരിച്ച് അവരെ അവിടെനിന്നു മാറ്റുകയോ ചെയ്യും. തുടര്‍ന്ന് അഷ്കര്‍ അലി ബൈക്കുമായി കടന്നു കളയുന്നതാണ് ഇവരുടെ തട്ടിപ്പിന്റെ രീതി.
കഴിഞ്ഞ മാസം എംജി റോഡില്‍ നിന്ന് ഉടമയുടെ ശ്രദ്ധ തിരിച്ച് ഇവര്‍ വാഹനവുമായി കടന്നു കളഞ്ഞിരുന്നു.
അന്വേഷണത്തില്‍ പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.