വീട്ടിലിരുന്ന് സമ്പാദിക്കാം ! ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്ക് നഷ്ടം 17 ലക്ഷം
1443273
Friday, August 9, 2024 3:26 AM IST
തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകൾ നൽകിയ യുവാക്കൾ പിടിയിൽ
ആലുവ: വീട്ടിലിരുന്ന് റേറ്റിംഗ് നടത്തി സമ്പാദിക്കാം എന്ന ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷം രൂപ. തട്ടിപ്പിനായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് നൽകിയ നാല് യുവാക്കളും പിടിയിലായി.
കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), തുറന്ന ജയിലിലേക്ക് കോടതി അയച്ച രണ്ടുപേർ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രായം സംബന്ധിച്ച് സംശയമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വെറൈറ്റി ഫുഡിന് റേറ്റിംഗ് ഇട്ടാൽ വരുമാനം എന്നതായിരുന്നു വീട്ടമ്മയ്ക്ക് നൽകിയ വാഗ്ദാനം. വിശ്വാസം ജനിപ്പിക്കാനായി തട്ടിപ്പു സംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകി.
തുടർന്നാണ് ഇരട്ടിത്തുക നൽകുന്ന നിക്ഷേപ വാഗ്ദാനം ഉണ്ടായത്. മൂന്നു ലക്ഷം, അഞ്ചു ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെ ഘട്ടംഘട്ടമായി വീട്ടമ്മ തുക നിക്ഷേപിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വരുമാനമായി ചെറിയ തുകകൾ നൽകിയതോടെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.
ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക വീട്ടമ്മയുടെ പേജിൽ കാണിച്ചുകൊണ്ടിരുന്നു. എന്നാൽ ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ചതി വ്യക്തമായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് പരാതി നൽകുകയായിരുന്നു.
സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ്സംഘത്തിന് നൽകിയവരാണ് പിടിയിലായ നാല് പേർ. ഇതിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടെലഗ്രാം ആപ്പിലൂടെയാണ് വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിയിരുന്നത്. പിടിയിലായവർക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും, അക്കൗണ്ടിലെത്തുന്ന തുകയ്ക്ക് കമ്മീഷനുമാണ് നൽകിയിരുന്നത്.
സിഐ ആർ. റോജ്, എസ്ഐമാരായ സി.ആർ. ഹരിദാസ്, എം. അജേഷ്, എഎസ്ഐമാരായ ആർ. ഡെൽജിത്ത്, ബോബി കുര്യാക്കോസ്, ടി.കെ. സലാഹുദീൻ, സിപിഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
രണ്ട് പേരെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. മറ്റു രണ്ടുപേരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.