സഹായഹസ്തവുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും
1443012
Thursday, August 8, 2024 4:18 AM IST
കാലടി: വയനാട് ദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനത്തിനായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന "വയനാടിനൊരു കൈത്താങ്ങ്" പദ്ധതിക്ക് കാലടിയിൽ തുടക്കമായി.
മേഖലയിലെ മുഴുവൻ ബസുടമകളും ജീവനക്കാരും ഒത്തുചേർന്ന് നടത്തുന്ന ഈ സംരംഭത്തിൽ ഉടമകൾ തങ്ങളുടെ കളക്ഷനും ജീവനക്കാർ വേതനവും നൽകുന്നതോടൊപ്പം യാത്രക്കാർക്ക് തങ്ങളുടെ സംഭാവനയും ബക്കറ്റിൽ നിക്ഷേപിക്കാം.
ആദ്യ ദിവസമായ ബുധനാഴ്ച പെരുമ്പാവൂർ, കാലടി,അങ്കമാലി, അത്താണി മേഖലകളിലെ 45 ബസുകൾ ആണ് സർവീസ് നടത്തിയത്. വ്യാഴാഴ്ച മലയാറ്റൂർ, മഞ്ഞപ്ര, മൂക്കന്നൂർ റൂട്ടുകളും വെള്ളിയാഴ്ച കാഞ്ഞൂർ,ആലുവ, കൊരട്ടി, പാലിശേരി, വട്ടപ്പറമ്പ് റൂട്ടുകളിലും സർവീസ് നടത്തും.
വയനാട്ടിലെ ദുരിത ബാധിതർക്ക് സംസ്ഥാനതലത്തിൽ 25 വീട് നിർമിച്ചു നൽകുന്നതിന് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി അസോസിയേഷൻ പ്രസിഡന്റ് ഏ.പി. ജിബിയുടെ അധ്യക്ഷതയിൽ കാലടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, മെമ്പർ പി.ബി.സജീവ്, സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ, യൂണിറ്റ് സെക്രട്ടറി ബി.ഓ.ഡേവിസ്, ജിജോ ജോണി, നവീൻ ജോൺ, ടി.എസ്. സിജുകുമാർ യൂണിയൻ നേതാക്കളായ പി.ടി. ഡേവിസ്, സുധീഷ് എന്നിവർ സംസാരിച്ചു.