വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്ക് കരുത്തേകാൻ ഫുട്ബോൾമേള
1442992
Thursday, August 8, 2024 3:54 AM IST
കോതമംഗലം: വയനാട് പ്രകൃതി ദുരന്തത്തിൽ നാമാവശേഷമായ വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾക്ക് കരുത്ത് പകരാൻ മാർ ബേസിൽ സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാദമിയും കൈകോർക്കുന്നു. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളെയും ക്ലബുകളേയും പങ്കെടുപ്പിച്ചുകൊണ്ട് മാർ ബേസിൽ സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി ഫുട്ബോൾമേള നടത്തുന്നു.
14 ,15 ,16 തീയതികളിൽ വൈകുന്നേരം മൂന്നിന് മാർ ബേസിൽ സ്കൂൾ സ്റ്റേഡിയത്തിലാണ് മേള. മേളയോട് അനുബന്ധിച്ച് നടത്തുന്ന കൂപ്പൺ വിതരണത്തിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും വെള്ളാർമല സ്കൂളിലെ കുട്ടികളുടെ തുടർപഠനത്തിനും ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കോതമംഗലം മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു.
മാർ ബേസിൽ സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് തോമസ് മണ്ണഞ്ചേരി, മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി, ട്രഷറർ സി.എ. ജോസ്, പ്രിൻസിപ്പൽ ഫാ. പി.ഒ. പൗലോസ്, പ്രധാനാധ്യാപിക ബിന്ദു വർഗീസ്, ഷിബി മാത്യു, ബിനു വി. സ്കറിയ, എസ്.ജി. ശിവാനി, ഫുട്ബോൾ താരങ്ങൾ എന്നിവർ പങ്കെടുത്തു.
ദുരിതബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ച്
വാഴക്കുളം: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമാകാൻ യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റി ബിരിയാണി ചലഞ്ച് നടത്തുന്നു. 11ന് രാവിലെ 11 മുതലാണ് ബിരിയാണി വിതരണം. മുൻകൂർ ഓർഡർ നൽകുന്നവർക്ക് നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ചു നൽകും. ഒരു ചിക്കൻ ബിരിയാണിക്ക് 150 നിരക്കിൽ ഓർഡർ നൽകാം.
ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള ഭവന നിർമാണത്തിനാണ് മുഖ്യമായും തുക വിനിയോഗിക്കുക. പ്രാഥമികമായി 50 കുടുംബങ്ങളുടെ വാടക, അത്യാവശ്യമായ വീട്ടുപകരണങ്ങൾ, കുട്ടികളുടെ പഠനാവശ്യം തുടങ്ങിയവയ്ക്കും ധനശേഖരണം ലക്ഷ്യമിടുന്നുണ്ട്.
ബിരിയാണി ആവശ്യമില്ലാതെ സംഭാവനയായും ബിരിയാണിക്ക് നിശ്ചിത തുകയിൽ കൂടുതൽ നൽകിയും പദ്ധതിയോട് സഹകരിക്കാവുന്നതാണെന്നും മറ്റുള്ളവർക്ക് ബിരിയാണി വാങ്ങി നൽകാൻ സന്നദ്ധതയുള്ളവർ മുൻകൂർ ഓർഡർ നൽകിയാൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9656550075.
സഹായഹസ്തവുമായി കദളിക്കാട് വിമലമാതാ സ്കൂൾ
വാഴക്കുളം: വയനാട്ടിലെ പ്രകൃതി ദുരിതബാധിതർക്ക് സഹായഹസ്തവുമായി കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാർഥികൾ സമാഹരിച്ച ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കറുകൾ, മിക്സികൾ, ബെഡുകൾ, അരി, പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് വയനാട്ടിലേക്ക് സ്കൂളിൽനിന്ന് എത്തിച്ചു നൽകുന്നത്. പ്രിൻസിപ്പൽ സിസ്റ്റർ റെജിൻ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ആൻമേരി, ലോക്കൽ മാനേജർ സിസ്റ്റർ ലൂസിയ തുടങ്ങിയവർ നേതൃത്വം നൽകി.
വയനാടിന് സഹായമൊരുക്കാൻ മെഗാതട്ടുകട
മൂവാറ്റുപുഴ: വയനാടിന് കൈത്താങ്ങായി സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയും വഴിയോര കച്ചവട യൂണിയനും ചേർന്ന് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി 12 വരെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മെഗാതട്ടുകട സംഘടിപ്പിക്കുന്നു.
ഭക്ഷണം കഴിച്ചശേഷം ഇഷ്ടമുള്ള തുക ബോക്സിൽ നിക്ഷേപിക്കാൻ കഴിയുന്ന തരത്തിലാണ് തട്ടുകട സംഘടിപിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വയനാടിന് കൈത്താങ്ങായി കൂത്താട്ടുകുളത്തെ കുട്ടിക്കൂട്ടം
കൂത്താട്ടുകുളം: വയനാടിന് കൈത്താങ്ങേകാൻ സമ്പാദ്യ കുടുക്കകളുമായി കൂത്താട്ടുകുളം ഗവ.യുപി സ്കൂളിലെ കുട്ടികളും. രണ്ടാം ക്ലാസുകാരി അമേഗ അരുണും നാലാം ക്ലാസുകാരി ആർദ്ര എം. കരുണുമാണ് സ്വന്തം സമ്പാദ്യവുമായി തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിലെത്തിയത്.
പ്രധാനാധ്യാപിക ടി.വി. മായ, അധ്യാപിക എം.ടി. സ്മിത എന്നിവർ കുട്ടികളുടെ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. തുടർന്ന് സ്കൂളിലെ മറ്റു കുട്ടികളും തങ്ങളുടെ ചെറിയ സമ്പാദ്യങ്ങൾ വയനാടിനായി സമാഹരിച്ചു. ലഭിച്ച 36,740 രൂപ പിടിഎ പ്രസിഡന്റ് കുട്ടികളിൽനിന്ന് ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചു.
വയനാടിനായി സ്ക്രാപ്പ് ചലഞ്ച്
മൂവാറ്റുപുഴ: വയനാടിനായി യുവതയൊരുക്കുന്ന കൈത്താങ്ങായ സ്ക്രാപ്പ് കളക്ഷനിൽ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലും പങ്കാളിയായി. വയനാട് ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന് സ്ക്രാപ്പ് ചലഞ്ചിലൂടെ നടത്തുന്ന ധനസമാഹരണത്തിനായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ഉദ്യമത്തിലാണ് താലൂക്കിലെ ഗ്രന്ഥശാല പ്രസ്ഥാനം പങ്കാളിയായത്.
താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വരുത്തികൊണ്ടിരുന്ന ന്യൂസ് പേപ്പറാണ് സ്ക്രാപ്പ് ചലഞ്ചിലേക്ക് നൽകിയത്.