ദേശീയപാതയിലെ വെള്ളക്കെട്ട്; വിമർശനവുമായി ഹൈക്കോടതി
1442988
Thursday, August 8, 2024 3:54 AM IST
കൊച്ചി: സര്‍ക്കാരും ദേശീയപാത അഥോറിറ്റിയും തമ്മിലെ ഏകോപനമില്ലായ്മ മൂലം ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനാവുന്നില്ലെന്ന് ഹൈക്കോടതി.
ഓട നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശം വെളളക്കെട്ട് ഭീഷണിയിലാകുകയും അതുവഴി ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ദേശീയപാത നിര്‍മാണം നടക്കുന്ന മേഖലയിലെല്ലാം വെള്ളക്കെട്ട് പരാതി വ്യാപകമാണ്. മാഹി ബൈപ്പാസുമായി ബന്ധപ്പെട്ടും സമാന പരാതി ഉയര്‍ന്നിട്ടുണ്ട്. ഒട്ടേറെ ഹര്‍ജികളും ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്ക്കെത്തുന്നുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം വേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വമേധയ കക്ഷി ചേര്‍ത്തു. വെളളക്കെട്ട് പ്രശ്നം ചൂണ്ടിക്കാട്ടി വരാപ്പുഴ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.