ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കത്തിച്ച് അധ്യാപകരുടെ പ്രതിഷേധം
1442984
Thursday, August 8, 2024 3:36 AM IST
കൊച്ചി: ഹയര്‍ സെക്കൻഡറി ഹൈസ്കൂള്‍ ഏകീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ നന്മകളും ഗുണമേന്മയും ഇല്ലാതാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജില്ലയിലെ സംയുക്ത അധ്യാപക സമിതിയുടെയും ഹയര്‍ സെക്കൻഡറി അധ്യാപക ഫെഡറേഷന്റെയും നേതൃത്വത്തില്‍ കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ഇടത് അധ്യാപക സംഘടന തയാറാക്കിയ റിപ്പോര്‍ട്ട് പകര്‍ത്തിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ദുരന്തത്തിന് കാരണമാകുമെന്നും പൊതുവിദ്യാലയങ്ങളെ തകര്‍ത്ത് അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ തഴച്ചുവളരാന്‍ സഹായകമാകുന്ന റിപ്പോര്‍ട്ടാണിതെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.
സംയുക്ത അധ്യാപക സമിതി ചെയര്മാന് അജിമോന് പൗലോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഡോ. എസ് സന്തോഷ്കുമാര്‍, വിവിധ അധ്യാപക സംഘടനാ നേതാക്കളായ ടി.യു. സാദത്ത്, മാഹിന്‍ ബാഖവി, എം.എ സയ്ദു മുഹമ്മദ്, രഞ്ജിത്ത് മാത്യു, എം.ഷിഹാബ്,സിനോജ് ജോര്‍ജ്, കെ.എസ്. രാജേഷ്, ജോയി സെബാസ്റ്റിന്, വി.പി സാജന്, ടി.എന്‍ വിനോദ്, സി.ഡി.സുനില്‍, സുനില്‍ ആന്റണി, ബേബി ഷൈനി എന്നിവര്‍ പ്രസംഗിച്ചു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് നല്കിയ അംഗീകാരം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നല്കിയ ഹയര്‍ സെക്കൻഡറി അധ്യാപക ഫെഡറേഷനും സംയുക്ത അധ്യാപക സമിതിയും ആവശ്യപ്പെട്ടു.