സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
1442461
Tuesday, August 6, 2024 7:04 AM IST
വൈപ്പിൻ: വയനാട് ദുരന്തത്തിൽ ഹൃദയം നൊന്ത പതിമൂന്നുകാരൻ അനിക് റോഷ് സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിദ്യാലയമായ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെത്തി സമ്പാദ്യപ്പെട്ടി അമ്മയ്ക്കൊപ്പം പ്രധാനാധ്യാപിക സി. രത്നകലയ്ക്ക് കൈമാറി. നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി 1147 രൂപ ഉടൻതന്നെ തൊട്ടടുത്ത ബാങ്കിലെത്തി ദുരിതാശ്വാസ നിധിയിലടയ്ക്കുകയായിരുന്നു. എളങ്കുന്നപ്പുഴ അടിമത്തറ വീട്ടില്‍ റോഷിറ്റ് - സ്വീറ്റി ദമ്പതികളുടെ മകനായ അനിക് കോവിഡ് കാലത്തും തന്റെ സമ്പാദ്യം ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്നു.
തൃപ്പൂണിത്തുറ നഗരസഭ 25 ലക്ഷം രൂപ നൽകി
തൃപ്പൂണിത്തുറ: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃപ്പൂണിത്തുറ നഗരസഭ 25 ലക്ഷം രൂപ നൽകി.
മന്ത്രി പി. രാജീവിന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ എന്നിവർ ചേർന്ന് ചെക്ക് കൈമാറി. നഗരസഭയിലെ 23 എൽഡിഎഫ് അംഗങ്ങളും എട്ട് യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്ര്യംഗവും 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകും.
വയനാടിന് സഹായവുമായി കെഎസ്ആർടിസി ജീവനക്കാരും
ആലുവ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെഎസ്ടി വർക്കേഴ്സ് യൂണിയന്റെ (ഐഎൻടിയുസി) ആഭിമുഖ്യത്തിൽ വയനാട് ഉരുൾപൊട്ടലിൽപ്പെട്ടവർക്കുള്ള കൈത്താങ്ങ് സഹായ പദ്ധതി ആരംഭിച്ചു. ബ്രഷ്, സോപ്പ്, പേസ്റ്റ്, നാപ്കിൻ, ബ്ലീച്ചിംഗ് പൗഡർ, സോപ്പ്, ഓയിൽ തുടങ്ങിയവ ശേഖരിച്ചാണ് കെഎസ്ആർടിസി ബസിൽ അയയ്ക്കുന്നത്. ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരിൽ നിന്നാണ് ശേഖരിച്ചത്.
ഒരു കുടുംബത്തിന് കരുമാലൂർ പഞ്ചായത്ത് വീട് നിർമിച്ചു നൽകും
കരുമാലൂർ: വയനാട് ദുരന്തത്തിൽ ഇരയായ ഒരു കുടുംബത്തിനു കരുമാലൂർ പഞ്ചായത്ത് വീട് നിർമിച്ചു നൽകും. സർക്കാർ നിർദേശിക്കുന്ന ആൾക്കാണു വീടു നിർമിച്ചു നൽകുക. രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചാൽ ഉടനെ അടിയന്തര സ്വഭാവത്തോടെ വീടു നിർമിച്ച് നൽകാനും വീട്ടിൽ താമസിക്കാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഒരു മാസത്തെ ഭക്ഷണ വസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെയായിരിക്കും കൈമാറുക. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി.