പുളിഞ്ചോട് ബിവറേജസ് റോഡിലെ സ്വകാര്യ ഭൂമിയിൽ അനധികൃത പാറ പൊട്ടിക്കൽ
1442460
Tuesday, August 6, 2024 7:04 AM IST
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പുളിഞ്ചോട് ബിവറേജസ് റോഡിലെ സ്വകാര്യ ഭൂമിയിൽ അനധികൃതമായി പാറ പാൊട്ടിക്കുന്നതായി പരാതി. ലോഡു കണക്കിന് പാറയാണ് ദിവസേന കയറ്റിപ്പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വീട് പണിയുന്നതിന് ഭൂമി നിരപ്പാക്കാൻ ലഭിച്ച അനുമതിയുടെ മറവിലാണ് പാറ പൊട്ടിക്കുന്നത്.
സംസ്ഥാനത്ത് പാറമടകൾ പ്രവർത്തിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പുളിഞ്ചോട്ടിൽ പാറ പൊട്ടിക്കുന്നത്. ഭൂവുടമ കരാർ നൽകിയാണ് പാറ പൊട്ടിക്കൽ നടത്തുന്നത്. ഇവിടെയുണ്ടാകുന്ന ഉഗ്രസ്ഫോടനം ചുറ്റുപാടുമുള്ള വീട്ടുകാർക്ക് അസഹനീയമാണ്. എന്തെങ്കിലും അനുമതിയുടെ മറവിൽ മണ്ണും കല്ലും കടത്തുന്നതിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എത്രയും വേഗം പാറ പൊട്ടിക്കൽ നിർത്തിവയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.