തകർന്ന് കിഴക്കേക്കര-ആശ്രമം റോഡ്: പിഡബ്ല്യുഡി എൻജിനീയറെ തടഞ്ഞുവച്ചു
1442449
Tuesday, August 6, 2024 6:53 AM IST
മൂവാറ്റുപുഴ: മാസങ്ങളായി തകർന്നുകിടക്കുന്ന കിഴക്കേക്കര - ആശ്രമം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവച്ചു.
ദിവസവും ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ കാൽനട യാത്രവരെ ദുസഹമായിരിക്കുകയാണ്. നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. താത്കാലികമായി കുഴിയടച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
കിഴക്കേക്കര-ആശ്രമം റോഡിന്റെ അറ്റുകുറ്റപ്പണികൾക്കായി പണം അനുവദിച്ചെന്ന് പ്രഖ്യാപിച്ചതല്ലാതെ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് എൻജിനീയറെ സ്ഥലത്തെത്തിച്ച് റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. അടിയന്തരമായി തന്നെ റോഡിലെ കുഴികൾ അടച്ച് ശാശ്വത പരിഹാരം കണ്ടെത്താമെന്ന് എൻജിനീയർ ഉറപ്പു നൽകിയതോടെയാണ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ സജി ജോർജ്, സി.കെ. സോമൻ, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.