വൈഗയ്ക്ക് വീടൊരുക്കാൻ നാടൊന്നിക്കുന്നു
1442137
Monday, August 5, 2024 3:41 AM IST
വൈപ്പിൻ: വൈഗ ഇനി അനാഥയല്ല, ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്. ഇത് ഒരു ഗ്രാമത്തിന്റെ വാഗ്ദാനമാണ്. അനാഥത്വത്തിനിടയിൽ ബാങ്ക് ജപ്തി ഉൾപ്പെടെ വൻ കടബാധ്യതയിലായതിനെ തുടർന്നാണ് നാട് കുഞ്ഞ് വൈഗക്കായി സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.
വൈഗയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് വാഹനാപകടത്തിൽപ്പെട്ട് മാതാവ് ശരണ്യ മരിക്കുന്നത്. തുടർന്ന് നാലു വർഷത്തിനു ശേഷം കോവിഡു ബാധിച്ച് പിതാവ് ഷൈജുവും മരിച്ചു. തുടർന്ന് അനാഥത്വത്തിന്റെ വേദനയും പേറി അച്ചമ്മ റീതക്കൊപ്പം ഇല്ലത്തു പടിയിലെ വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഈ10 വയസുകാരി. ഇതിനിടയിലാണ് ജപ്തി നോട്ടീസും മറ്റും വന്നത്.
എടവനക്കാട് സർവീസ് സഹകരണ ബാങ്കിൽനിന്നും പിതാവ് മരിക്കുന്നതിന് മുമ്പ് ഭവന നിർമാണത്തിനായി വായ്പ എടുത്ത മൂന്നു ലക്ഷം രൂപയും പലിശയും അടച്ചു തീർക്കണം.
പിന്നെ അഞ്ച് സെന്റ് ഭൂമിയിലെ പണിതീരാത്ത വീടിന്റെ പണികൾ തീർത്ത് വാടക വീട്ടിൽ നിന്നും അച്ചമ്മയോടൊപ്പം അങ്ങോട്ട് താമസം മാറ്റണം. ഏഴു വയസിന്റെ തിരിച്ചറിവിൽ കുഞ്ഞുവൈഗയ്ക്ക് ഇത്രമാത്രം ആഗ്രഹങ്ങളെ ഉള്ളു.
ഇതിനായി 10 ലക്ഷം രൂപയാണ് വേണ്ടത്. ബാങ്കിൽ നിന്നും നോട്ടീസ് വന്നതിനെ തുടർന്നാണ് വൈഗയുടെ ദുരവസ്ഥ നാടറിയുന്നത്. അമ്മയുടെ മരണത്തെ തുടർന്ന് ലഭിച്ച കുറച്ചു തുക വൈഗയുടെ പേരിൽ കിടപ്പുണ്ടെങ്കിലും 18 വയസാകാതെ ഇത് ലഭിക്കില്ലെന്നറിഞ്ഞതോടെ എങ്ങിനെ കടം വീട്ടും എന്ന ചിന്ത കൂലി വേല ചെയ്ത് കുഞ്ഞിനെ പോറ്റി വന്ന അച്ചമ്മ റീതയെ വലച്ചു.
ഇതിനിടയിൽ വൈഗ പഠിക്കുന്ന എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂൾ പിടിഎ കമ്മിറ്റി വൈഗയെ സഹായിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. സുമനസുകളിൽ നിന്നും ഫണ്ട് സ്വരൂപിക്കാൻ പിടിഎയുടെ നേത്യത്വത്തിൽ എടവനക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
മനസറിഞ്ഞ് സഹായം നൽകണമെന്ന് പിടിഎ പ്രസിഡന്റ് കെ.എ. അബ്ദുൾ റസാഖ്, വാർഡ് മെമ്പർ ബിന്ദു ബെന്നി എന്നിവർ അഭ്യർഥിച്ചു. ഐഎഫ്സി കോഡ്-എഫ്ഡിആർഎൽ 0001007, അക്കൗണ്ട് നമ്പർ: 10070 100 195966. ഫോൺ: 9847281894.