ആലുവ കെഎസ്ആർടിസി ഡിപ്പോയ്ക്ക് ലൈസൻസ് വൈകുന്നു : ഹോട്ടലും കാന്റീനും ഇല്ലാതെ യാത്രക്കാരും ജീവനക്കാരും വലയുന്നു
1442133
Monday, August 5, 2024 3:41 AM IST
ആലുവ: പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഭക്ഷണ സൗകര്യം ഇല്ലാതെ യാത്രക്കാരും ജീവനക്കാരും വലയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 16 കെഎസ്ആർടിസി ഡിപ്പോകളിൽ റസ്റ്ററൻറുകൾ ആരംഭിക്കാൻ ഇ- ടെൻഡർ ക്ഷണിച്ച പട്ടികയിലും ആലുവയെ ഒഴിവാക്കി.
കെട്ടിട നമ്പരും ലൈസൻസും നൽകാൻ നഗരസഭ തയാറാകാത്തതാണ് ആലുവയെ ഒഴിവാക്കാൻ കാരണം.ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പൂർണ സജ്ജമായിട്ടില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് കെട്ടിടത്തിന് നമ്പർ ഇടുന്നത് വൈകുന്നത്.
അഞ്ച് വർഷം മുമ്പ് തയാറാക്കിയ രൂപരേഖയിൽ മൂന്ന് വട്ടം മാറ്റം വന്നതാണ് വിനയായത്. കെട്ടിടത്തിന്റെ പുതിയ പ്ലാൻ തയാറാക്കാൻ ടെൻഡർ നടപടികൾ ആരംഭിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
വൈദ്യുതി കണക്ഷൻ താത്കാലികം. നിലവിൽ കരാറുകാരൻ നിർമാണത്തിനായി എടുത്ത താത്കാലിക വൈദ്യുതി കണക്ഷനിലാണ് ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത്. നഗരസഭയുടെ പ്രവർത്തനാനുമതി ഇല്ലാത്തതിനാൽ കണക്ഷൻ നൽകാൻ കെഎസ്ഇബിയും കുടിവെള്ള കണക്ഷൻ നൽകാൻ വാട്ടർ അഥോറിറ്റിയും തയാറല്ല.
പഴയ കെട്ടിടം പൊളിക്കുന്ന 2018 വരെ റോഡരികിൽ തന്നെയായിരുന്നു ബസ് ഡിപ്പോ പ്രവർത്തിച്ചിരുന്നത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം അര കിലോമീറ്ററോളം അകത്തേക്ക് കയറിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഭാവിയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാമെന്ന പ്രതീക്ഷയിലാണ് ഒരേക്കറോളം സ്ഥലം ഒഴിവാക്കിയിട്ടിരിക്കുന്നത്.
എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങണമെങ്കിൽ മുന്നിലെ മൈതാനം തിരികെ താണ്ടണം. ബസ് അതിനിടയിൽ വന്നു പോകുമോയെന്ന ഭയം കാരണം യാത്രക്കാർക്ക് ദൂരെയുള്ള ഹോട്ടലുകളിലേക്ക് പോകാനും മടിയാണ്. കാന്റീൻ ഇല്ലാത്തതിനാൽ ജീവനക്കാരും കഷ്ടപ്പാടിലാണ്.