ബലിതർപ്പണം നടത്തി ആയിരങ്ങൾ
1441855
Sunday, August 4, 2024 5:00 AM IST
മൂവാറ്റുപുഴ: മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പിതൃക്കൾക്കായി ബലിയർപ്പിച്ചു. മിക്കയിടങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിത്തറകൾ സജ്ജീകരിച്ചിരുന്നു.
ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് നൂറുകണക്കിനാളുകൾ കർക്കടക വാവുബലിയിട്ടു. പുലർച്ചെ നാലിന് ആരംഭിച്ച ബലിതർപ്പണം ഉച്ചയോടെയാണ് സമാപിച്ചത്. ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു.
ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നൂറുകണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. രാവിലെ അഞ്ച് മുതൽ ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടെയാണ് അവസാനിച്ചത്. നാരായണശർമ്മ മുഖ്യകാർമികത്വം വഹിച്ചു.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ ബലിപ്പുരകളിൽ രാവിലെ അഞ്ച് മുതൽ ബലിതർപ്പണം തുടങ്ങി. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ഔഷധക്കഞ്ഞി വിതരണവും നടന്നു. മേൽശാന്തി പുളിക്കാപ്പറന്പിൽ ദിനേശൻ നന്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി.