ക്ഷീര കർഷക അവാർഡ് കെ.എം. റഫീക്കിന്
1441852
Sunday, August 4, 2024 4:55 AM IST
മൂവാറ്റുപുഴ: ക്ഷീര കർഷിക മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മുളവൂർ കാട്ടക്കുടിയിൽ ഫാം ഉടമ കെ.എം. റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കർഷക അവാർഡ്. കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ക്ഷീര കർഷകനായിട്ടാണ് കെ.എം. റഫീക്കിനെ തെരഞ്ഞെടുത്തത്.
മൂവാറ്റുപുഴയിൽ നടന്ന കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി അവാർഡ് കെ.എം. റഫീക്കിന് സമ്മാനിച്ചു. 10 വർഷം മുന്പ് 10 പശുവിൽ തുടങ്ങിയ ഫാമിൽ ഇന്ന് 40 ഓളം പശുക്കളുണ്ട്. ദിവസേന 400 ലിറ്റർ പാൽ വിതരണം ചെയ്ത് ക്ഷീരമേഖലയിൽ വിജയഗാഥ തീർത്തിരിക്കുകയാണ് യുവ ക്ഷീരകർഷകൻ.
പായിപ്ര പഞ്ചായത്ത് ആറാം വാർഡിൽ മുളവൂരിൽ ഫ്ളോർ മാറ്റ്, ഓട്ടമാറ്റിക് ഡ്രിങ്കർ, ചാഫ് കട്ടർ, ഫാനുകൾ, കറവയന്ത്രം, ഫീഡ് സ്റ്റോർ, പ്രഷർ വാഷർ തുടങ്ങി ആധുനിക സംവിധാനങ്ങളോടെയാണു റഫീഖ് പശു ഫാം ഒരുക്കിയിരിക്കുന്നത്.
പശുക്കൾക്ക് ആവശ്യമായ പുൽതോട്ടം, തുറന്ന തൊഴുത്താണെങ്കിലും തൊഴുത്തിലെ ചൂട് കുറയ്ക്കാനായി ഫാൻ എന്നിവയൊക്കെ പശു വളർത്തലിനായി ഒരുക്കി റഫീഖ് മറ്റ് കർഷകർക്കു മാതൃകയാകുകയാണ്.
ഫാമിൽ ഉത്പാദിപ്പിക്കുന്ന പാൽ വീടുകളിലെത്തിച്ച് നൽകുന്നതോടൊപ്പം മുളവൂരിൽ സ്വന്തമായുള്ള ഔട്ട് ലൈറ്റിലും വിൽപ്പന നടത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ റഫീഖിന് സഹായത്തിനായി ഭാര്യ ജസ്നയും സഹോദരൻ ഫാറൂഖും കൂടെയുണ്ട്.