പരാതിയും പരിഭവങ്ങളുമായി കാടിന്റെ മക്കൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മുന്നില്‍
1441838
Sunday, August 4, 2024 4:41 AM IST
പെരുമ്പാവൂര്‍: പരാതിയുമായി കാടിന്റെ മക്കള്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് മുന്നില്‍. ജില്ലയിലെ ഏക ആദിവാസി കോളനിയായ പൊങ്ങന്‍ചുവട് ഊര് നിവാസികളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാറിന് മുന്നില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവതരിപ്പിച്ചത്.
ആനശല്യം രൂക്ഷമാണെന്നും കൃഷി ചെയ്യുവാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കൃഷിയിടങ്ങളില്‍ ആന ഇറങ്ങി വിളകള്‍ നശിപ്പിച്ചു. ചില വീടുകള്‍ക്കും ആനയുടെ ആക്രമണം മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായി. കൃഷി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇവിടുത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ഇല്ലാതെയായി.
മഴക്കെടുതിയും ഊര് നിവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആകെയുള്ള ആശ്രയം തൊഴിലുറപ്പ് പദ്ധതിയാണ്. തൊഴില്‍ ദിനങ്ങള്‍ കൂട്ടി നല്‍കുക, തൊഴില്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ഊര് നിവാസികള്‍ക്കായി സ്വയം തൊഴില്‍ പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കുക, ആന ശല്യം ഒഴിവാക്കുന്നതിന് വൈദ്യുത വേലിയും കിടങ്ങുകളും സ്ഥാപിക്കുക,
റോഡുകളുടെ ശോചനിയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക, കുട്ടികള്‍ക്കുള്ള കളിസ്ഥലം, അംഗണവാടി നവീകരണം എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടു ഉന്നയിച്ച നിവേദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് സംഘം നല്കി.
ഊര് മൂപ്പന് ശേഖരന്, പട്ടിക വര്‍ഗ പ്രൊമോട്ടര്‍ സജി എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പേര് സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ പൊങ്ങന്‍ചുവട് ഊരുകള്‍ സന്ദര്‍ശിച്ച് ഉചിതമായ പരിഹാരം കാണുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.