ബൈക്ക് വാങ്ങി നൽകാത്തതിൽ വിരോധം: മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ യുവാക്കള്‍ പിടിയിൽ
1441829
Sunday, August 4, 2024 4:30 AM IST
കൊച്ചി: ബൈക്ക് വാങ്ങിത്തരാന്‍ വീട്ടിൽ ആവശ്യപ്പെട്ടിട്ടും വാങ്ങിനൽകാത്തതിലുള്ള വിരോധം മൂലം സുഹൃത്തിനൊപ്പം ബൈക്ക് മോഷ്ടിച്ച് കറങ്ങിനടന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ചേര്‍ത്തല പാണാവള്ളി സ്വദേശി അല്‍ റായിസ് റഹ്മാന്(19), തൃശൂര്‍ ചാപ്പാറ സ്വദേശി രാഹുല്‍ (20) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടുകട നടത്തുന്ന പിതാവിനോട് ബൈക്ക് വാങ്ങിത്തരാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും വാങ്ങിനല്കാത്തതിലുള്ള വിരോധമാണ് ലൈസന്‍സ് പോലുമില്ലാത്ത പ്രതി അല്‍ റായിസ് റഹ്മാനെ സുഹൃത്ത് രാഹുലുമായി ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപത്തെ മേല്‍പ്പാലത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഡിപി വേള്‍ഡ് തൊഴിലാളിയായ പുതുവൈപ്പ് സ്വദേശിയുടെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
എറണാകുളത്ത് തൊഴിലധിഷ്ടിത കോഴ്സ് പഠിക്കാന്‍ എത്തിയ പ്രതികള്‍ മുമ്പും സാമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവദിവസം ക്ലാസില്‍ കയറാതെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ വാഹന മോഷണ ശ്രമം നടത്തി പരാജയപ്പെട്ടതോടെയാണ് പ്രതികള്‍ വല്ലാര്‍പാടത്ത് എത്തിയത്. രാഹുലിന്റെ വണ്ടിയുടെ താക്കോല്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്താണ് അല്‍ റായിസ് റഹ്മാന് ബൈക്ക് കടത്തികൊണ്ടുപോയത്.
പിന്നീട് വാഹനം പലവിധത്തിലുള്ള രൂപമാറ്റങ്ങള്‍ വരുത്തിയും നമ്പര്‍ പ്ലേറ്റ് കാണാന്‍ പറ്റാത്ത വിധത്തിലും ഉറപ്പിച്ചുമാണ് ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.