മൂവാറ്റുപുഴ : സന്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച മണ്ഡലം
1441572
Saturday, August 3, 2024 4:19 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം 26ന് സന്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച മണ്ഡലമായി പ്രഖ്യാപിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ഡിജി കേരളം നിയോജക മണ്ഡലതല മോണിറ്ററിംഗ് സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിൽ മികച്ച രീതിയിൽ ഇതിനോടകം സർവേ പൂർത്തീകരിച്ച മൂവാറ്റുപുഴ നഗരസഭയെയും, കല്ലൂർക്കാട്, പോത്താനിക്കാട്, ആയവന, മാറാടി എന്നീ പഞ്ചായത്തുകളെയും യോഗത്തിൽ അഭിനന്ദിച്ചു.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശ സ്ഥാപനതല മോണിറ്ററിംഗ് കമ്മിറ്റികൾ എട്ടിനകം ചേരണമെന്നും എംഎൽഎ യോഗത്തിൽ നിർദേശിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കെ. വർഗീസ്, എം. അസീസ്, ജാൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ജി. രതി എന്നിവർ പ്രസംഗിച്ചു.
ഡിജി കേരളം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ജില്ലയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ജില്ലാ നോഡൽ ഓഫീസറും തദ്ദേശ സ്വയംഭരണ വകുപ്പ് എറണാകുളം ജില്ലാ ജോയിന്റ് ഡയറക്ടർ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടറുമായ കെ.കെ. സുബ്രഹ്മണ്യൻ വിശദീകരിച്ചു.