വയനാടിനായി കാരുണ്യ യാത്രയുമായി സ്വകാര്യബസ്
1441563
Saturday, August 3, 2024 4:08 AM IST
ഇടക്കൊച്ചി: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ കാരുണ്യ യാത്രയുമായി ഇടക്കൊച്ചി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സാത്വിക്ക് (വയനാടൻ) എന്ന സ്വകാര്യ ബസ്.
ഇടക്കൊച്ചിയിൽ താമസിക്കുന്ന വയനാട് സ്വദേശിയായ ബസുടമ സുധിനാണ് കാരുണ്യ യാത്ര നടത്താനായി മുന്നിട്ടിറങ്ങിയത്. സാത്വിക്ക്, വയനാടൻ എന്നീ രണ്ട് പേരുകൾ ബസിനുണ്ട്.
കാരുണ്യ യാത്ര നഗരസഭ കൗൺസിലർ അഭിലാഷ് ഉദ്ഘാടനം ചെയ്തു.
ടിക്കറ്റ് നൽകാതെ ബക്കറ്റുമായാണ് ബസ് ജീവനക്കാർ യാത്രക്കാർക്കരികിലേക്കെത്തിയത്, ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാവുന്ന രീതിയിലായിരുന്നു യാത്ര.
ഇന്ന് ടിക്കറ്റ് ഇല്ല, വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ തുക നൽകിയവരും യാത്രക്കാരായി ഉണ്ടായിരുന്നു. ജീവനക്കാർ ഭക്ഷണാവശ്യത്തിനുള്ള പണം പോലും ബക്കറ്റിൽ നിന്ന് എടുക്കാതെ ബസ് ഉടമയുടെ കൈയിൽ നിന്നാണ് നൽകിയത്.
വയനാട്ടിലെ ദുരിതബാധിതർക്കായി ബസ്സിൽ നിന്ന് ലഭിക്കുന്ന രണ്ടു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഏതാനും മാസങ്ങൾക്കു മുമ്പ് കിഡ്നി രോഗബാധിതനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുൾ നജീബിന് വേണ്ടിയും ബസ് കാരുണ്യയാത്രനടത്തി പണം കൈമാറിയിരുന്നു.
നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിൽ, സിജിൻ. എൻ. എസ് , സിബി, സനീഷ് തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.