ഫിസാറ്റില്‍ ആവേശമായി പൂര്‍വ വിദ്യാര്‍ഥി സംഗമം
1438456
Tuesday, July 23, 2024 7:12 AM IST
അങ്കമാലി: കലാലയ സ്മരണയുണര്‍ത്തി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം അരങ്ങേറി. 16 ബാച്ചുകളിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ ഓര്‍മകള്‍ പുതുക്കുന്നതിനും സൗഹൃദം പങ്കിടുന്നതിനുമായി ഒത്തുചേര്‍ന്നത്. പഠനകാലം ചെലവഴിച്ച കോളജ് അങ്കണത്തിലൂടെയും ക്ലാസ് മുറികളിലൂടെയും വിദ്യാര്‍ഥികള്‍ ഒരുവട്ടം കൂടി ചുറ്റിക്കറങ്ങി. സഹപാഠികള്‍ക്കൊപ്പം അധ്യാപകരുമായും മറ്റു ജീവനക്കാരുമായും മധുരസ്മരണകള് പങ്കുവച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പമാണ് സംഗമത്തിന് എത്തിയത്.
ഫിസാറ്റ് ബിസിനസ് സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ഡീന്‍ ജി. ഉണ്ണികര്‍ത്ത, ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. എ.ജെ. ജോഷ്വ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനു അന്ന ആന്തണി, പൂര്‍വ വിദ്യാര്‍ഥി സംഗമം സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. ബ്രിജേഷ്, ആര്. രണ്‍ദീപ് എന്നിവര്‍ പ്രസംഗിച്ചു. 2006 മുതല്‍ 2009 വരെയുള്ള എംബിഎ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ കലാവിരുന്നും ഒരുക്കിയിരുന്നു.