അഡ്വാൻസ് തുക തിരിച്ചു ചോദിച്ചതിന് വാടകക്കാരനെ മർദിച്ച വീട്ടുടമ അറസ്റ്റിൽ
1438447
Tuesday, July 23, 2024 7:12 AM IST
തിരുവാങ്കുളം: താമസം ഒഴിഞ്ഞതിനെത്തുടർന്ന് പണയത്തിനെടുത്ത വീടിന്റെ അഡ്വാൻസ് തുക തിരിച്ചു ചോദിച്ചതിന് വാടകക്കാരനെ മർദിച്ച വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഐഎൻടിയുസി നേതാവ് തിരുവാങ്കുളം സ്വദേശി ഷിബു മലയിൽ(51) നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രപ്പുഴ ആനാംതുരുത്തിൽ വീട്ടിൽ നിന്നും തിരുവാങ്കുളം ചിത്രാഞ്ജലി ജംഗ്ഷനിൽ നെടുമ്പാറയിൽ വീട്ടിൽ താമസിക്കുന്ന ജിൻസൺ ജോയി(38) നാണ് മർദനമേറ്റത്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ഇയാളുടെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്.
ഷിബു മലയിലിന്റെ വീട്ടിൽ താമസിച്ച സമയത്ത് ജിൻസൺ ജോയി നൽകിയിരുന്ന പണയത്തുകയിൽ ബാക്കി കിട്ടേണ്ടതായ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതാണ് മർദനത്തിന് കാരണമായതെന്ന് പറയുന്നു.
ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ ജിൻസൺ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിൽ നിൽക്കെ പ്രതി ജിൻസനടുത്തെത്തി അസഭ്യവർഷം നടത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ജിൻസന്റെ കുടുംബാംഗങ്ങൾക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. ഇത് തടഞ്ഞപ്പോൾ പ്രതി വീട്ടിൽ നിന്നും കമ്പിവടി കൊണ്ട് വന്ന് അടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.