ഇരുന്പനം റിഫൈനറി റോഡിൽ ലോറികളുടെ പാർക്കിംഗ്; കാൽനട യാത്രികർക്ക് ദുരിതം
1438086
Monday, July 22, 2024 3:59 AM IST
തൃപ്പൂണിത്തുറ: ഇരുമ്പനത്ത് സീപോർട്ട്-എയർപോർട്ട് റോഡരികിലെ വാഹന പാർക്കിംഗ് തടഞ്ഞതോടെ ടാങ്കർ ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾ ഇരുമ്പനം വിളക്ക് ജംഗ്ഷനിൽ നിന്നും ചിത്രപ്പുഴ വരെയുള്ള റിഫൈനറി റോഡരികിൽ നിർത്തിയിടുന്നു.
വിളക്ക് ജംഗ്ഷനിലെ സിഗ്നൽ കടന്ന് റിഫൈനറി റോഡിന്റെ ഇരുവശവും ട്രെയ്ലറുകളും കൂറ്റൻ ടാങ്കറുകളുമുൾപ്പെടെയുള്ള ലോറികൾ നിർത്തിയിട്ടിരിക്കുകയാണ്. റോഡിന്റെ ടാർ ചെയ്ത ഭാഗം വരെയെത്തും വിധമാണ് ഇവിടെ ലോറികളുടെ പാർക്കിംഗ്. ഒന്നിനു പുറകെ ഒന്നായി നിർത്തിയിട്ടിരിക്കുന്ന ലോറികളെ ചിത്രപ്പുഴ പാലത്തിനടുത്ത് വരെ കാണാം.
അമിത വേഗതയിൽ വാഹനങ്ങൾ ചീറിപ്പായുന്ന ഇവിടെ ജീവൻ പണയപ്പെടുത്തിയാണ് റോഡിലേക്കിറങ്ങി കാൽനടയാത്രികർ സഞ്ചരിക്കുന്നത്. ഇരു ദിശകളിൽ നിന്നും ലോറികൾ കടന്നു വരുന്ന സമയങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർക്ക് തങ്ങളുടെ വാഹനങ്ങൾ റോഡരികിലേയ്ക്ക് ഒതുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് റോഡിൽ പലയിടങ്ങളിലും.
റോഡരികിൽ ആഴ്ചകളായി സ്ഥിരമായി നിർത്തിയിട്ടിരിക്കുന്ന ചില വാഹനങ്ങളിലേയ്ക്ക് സമീപത്ത് നിന്നും പുല്ലും വള്ളിപ്പടർപ്പുകളുമുൾപ്പെടെ പടർന്നു കയറിയിട്ടുണ്ട്. സീപോർട്ട്-എയർപോർട്ട് റോഡിൽ വടക്കേ ഇരുമ്പനം മുതൽ മനയ്ക്കപ്പടി വരെ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറികളുടെ പാർക്കിംഗ് തടഞ്ഞ് റോഡരികിൽ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചതോടെയാണ് ചിത്രപ്പുഴ റിഫൈനറി റോഡരികിലേയ്ക്ക് ലോറികൾ പാർക്കിംഗ് മാറ്റിയത്.
മുൻപ് അപൂർവം ചില ലോറികൾ പാർക്ക് ചെയ്തിരുന്ന റോഡിലേയ്ക്കാണ് ഇപ്പോൾ ലോറികൾ കൂട്ടമായി നിർത്തിയിടാനെത്തിയിരിക്കുന്നത്.