തൊണ്ടിമുതലിനായി മൂവാറ്റുപുഴയാറില്‍ തെരച്ചില്‍
1438070
Monday, July 22, 2024 3:30 AM IST
മൂവാറ്റുപുഴ: കോഴിക്കോട് സ്വദേശിനിയുടെ സ്വര്‍ണാഭരണം മോഷണം പോയ കേസില്‍ മൂവാറ്റുപുഴ സ്വദേശിയായ പ്രതിയുമായി പോലീസ് മൂവാറ്റുപുഴയാറില്‍ തെരച്ചില്‍ നടത്തി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായാണ് ഈസ്റ്റ് വാഴപ്പിള്ളി പുത്തന്‍പുര വലിയാലുങ്കല്‍ വി.എ. മാഹി(35)നുമായി മൂവാറ്റുപുഴയാറില്‍ തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ച് ഏഴു പവന് സ്വര്‍ണവുമായി പ്രതി കോഴിക്കോടുനിന്നു മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ പിടിയിലായ പ്രതി മൂവാറ്റുപുഴയാറില്‍ സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപിച്ചെന്ന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ കച്ചേരിത്താഴത്ത് തെരച്ചില്‍ നടത്തിയത്. സ്വർണ മാല, പാദസരം, കൈ ചെയിന്‍ എന്നിവ പ്ലാസ്റ്റിക് കവറിലാക്കി 14ന് മൂവാറ്റുപുഴയാറില്‍ നിക്ഷേപിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
കോതമംഗലം അഗ്നിരക്ഷാ സേനയിലെ സ്കൂബ ടീമിന്റെ സഹായത്തോടെ കച്ചേരിത്താഴം പാലത്തിന് സമീപം നാലുമണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ സ്വര്‍ണാഭരണം കണ്ടെത്താനായില്ല.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം. അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ പി.എം. റഷീദ്, സിദ്ധീഖ് ഇസ്മായില്‍, ഫയര്‍ ഓഫീസര്‍ വി.എം. ഷാജി, അജിലേഷ്, അര്‍ഷാദ്, ജിനോരാജ്, ഹോംഗാര്‍ഡ് സുധീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. കോഴിക്കോട് പോലീസും സംഭവസ്ഥലത്തുണ്ടായിരുന്നു.