കാപ്പ ഉത്തരവ് ലംഘിച്ച പ്രതി പിടിയില്‍
1437695
Sunday, July 21, 2024 3:49 AM IST
കൊച്ചി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ചതിന് പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ചക്കാമടം ലൈജു എന്ന് വിളിക്കുന്ന നോര്‍ബര്‍ട്ട്(36) നെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.
ഇയാളെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കാപ്പ ചുമത്തി നാടുകടത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നതാണ്. എറണാകുളം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഒരു വര്‍ഷ കാലത്തേക്ക് പ്രവേശിക്കുവാനോ, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്.
ഉത്തരവ് ലംഘിച്ച് ഇയാള്‍ വീണ്ടും കൊച്ചി സിറ്റി പരിധിയില്‍ പ്രവേശിച്ച് മട്ടാഞ്ചേരി ചക്കാമടത്ത് ഭാഗത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. നോര്‍ബര്‍ട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളില്‍ പ്രതിയാണ്.
പല തവണ ജയിലില്‍ കിടന്നിട്ടുള്ള ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.