മാലിന്യം ഒഴുക്കൽ: തിരുവനന്തപുരം ദുരന്തം കൊച്ചിക്കും പാഠം
1437178
Friday, July 19, 2024 3:28 AM IST
കൊച്ചി: തിരുവനന്തപുരത്ത് കനാല്‍ വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മാലിന്യ നിര്‍മാര്‍ജന തൊഴിലാളി മുങ്ങിമരിക്കാനിടയായ സംഭവത്തിന് പിന്നാലെ കൊച്ചിയിലെ കനാലുകളുടെ ദുരവസ്ഥയും ചര്‍ച്ചയാകുന്നു. മാലിന്യക്കൂമ്പാരങ്ങളുടെ കേന്ദ്രമായി മാറിയ മുല്ലശേരി കനാല്‍ ഉള്‍പ്പെടെ കൊച്ചിയിലെ പ്രധാന കനാലുകളെല്ലാം നല്‍കുന്നത് തിരുവനന്തപുരത്തിന് സമാനമായ അപകട സൂചനകളാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്ന കനാലുകളുടെ ശുചീകരണം ശാസ്ത്രീയമായ രീതിയില്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് കൊച്ചിയും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കേരള ഹൈക്കോടതി ഉള്‍പ്പെടെ നല്‍കുന്നത്.
കൊച്ചി നഗരത്തില്‍ കനാലുകളും തോടുകളുമായി 29 എണ്ണമുണ്ട്. ജലസേചന വകുപ്പ് മുന്‍പ് നടത്തിയ പഠനത്തില്‍ ഈ തോടുകളില്‍ പലയിടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി തടസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ കല്വര്ട്ടുകളിലാണ് പ്രധാനമായും മാലിന്യം കൂടിക്കിടക്കുന്നത്. തടസങ്ങള്‍ മൂലം ഒഴുക്ക് നിലച്ചതോടെ മഴ സമയത്ത് വലിയ വെള്ളക്കെട്ടാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്‍പ്പെടെ കനാലുകളുടെ സമീപ പ്രദേശങ്ങളില്‍ ഉണ്ടാകുന്നത്.
സൗത്ത് റെയില്‍വേ പരിസരം, കെഎസ്ആര്‍ടിസി പരിസരം എന്നിവിടങ്ങളിലൂടെ ഒഴുകുന്ന മുല്ലശേരി കനാലിലാണ് ഏറ്റവും കുടുതല്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നത്. ജലാശയങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി കോര്പറേഷന് ഇടയ്ക്കിടെ നടത്താറുണ്ടെങ്കിലും മാലിന്യത്തിന് കുറവില്ല. മുല്ലശേരി കനാല്‍ നവീകരണ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്നതും മാലിന്യ പ്രശ്നത്തിനും വെള്ളക്കെട്ടിനും കാരണമാണ്.
തേവര-പേരണ്ടൂര്‍ കനാല്‍, പണ്ടാച്ചിറ തോട്, പള്ളിച്ചാല്‍ തോട്, വിവേകാനന്ദ തോട്, ഇടപ്പള്ളി തോട് എന്നിവിടങ്ങളിലെല്ലാം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതു മൂലമുള്ള പ്രശ്നങ്ങളുമുണ്ട്. കൈയേറ്റങ്ങളെ തുടര്‍ന്ന് തോടിന്റെ വീതി കുറഞ്ഞു വരുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വീതികുറയുന്നതുമൂലം ഒഴുക്കിന് തടസമുണ്ടാകുകയും മാലിന്യങ്ങള്‍ തട്ടിനിന്ന് കുമിഞ്ഞുകൂടുകയും ചെയ്യുന്നു.
സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും റെയില്‍വേ സംയുക്തമായുള്ള ആക്ഷന്പ്ലാനിലൂടെ കനാലുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നാണ് വിവിധ തുറകളില്‍ നിന്നുയരുന്ന ആവശ്യം.
എങ്ങുമെത്താതെ കനാല്‍ നവീകരണ പദ്ധതി
കൊച്ചി: കിഫ്ബി സഹായത്തോടെ കൊച്ചിയിലെ ആറ് പ്രധാന കനാലുകള്‍ നവീകരിച്ച് ഉള്‍നാടന്‍ ജലഗതാഗത സൗകര്യമൊരുക്കുന്നതിനായി ആവിഷ്കരിച്ച ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഐയുആര്‍ഡബ്ല്യുടിഎസ്) പദ്ധതി അനിശ്ചിതത്വത്തിലായതാണ് ഇന്നു കാണുന്ന പ്രശ്നങ്ങള്‍ക്ക് കാരണം.
കൊച്ചിയിലെ ജലാശയങ്ങള്‍ ശുദ്ധീകരിച്ച് ആഴം കൂട്ടി ഗതാഗതം ആരംഭിക്കാനായാല്‍ കനാലുകള്‍ മലിനമാകുന്നതിന് അറുതിയുണ്ടാകും. അതുവഴി വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാകും.
2019 ല്‍ ആവിഷ്കരിച്ച പദ്ധതിക്കായി ഫണ്ട് കണ്ടെത്താനാകാത്തതാണ് തടസമായിരിക്കുന്നത്. 2023 ല്‍ 1,528 കോടിയായ പദ്ധതിച്ചെലവ് ഇപ്പോള്‍ 3,873 കോടിയായി ഉയര്‍ന്നു. തുക വര്‍ധിച്ചതിനാല്‍ പദ്ധതിയില്‍ വിഭാവനം ചെയ്ത അനുബന്ധ സൗകര്യങ്ങള്‍ ഒഴിവാക്കി എസ്റ്റിമേറ്റ് തുക കുറയ്ക്കാനാണ് നീക്കം. പുതുക്കിയ എസ്റ്റിമേറ്റിലെ സാങ്കേതിക തടസങ്ങള്‍ നീക്കി അനുമതി നേടിയെടുക്കാന്‍ കാലതാമസം നേരിടുമെന്നതും പദ്ധതിയെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്നു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല സര്‍ക്കാര്‍ നല്‍കിയത്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള മാര്‍ക്കറ്റ് കനാലിന്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായില്ല. മറ്റു കനാലുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുമില്ല.
മുന്‍ തീരുമാന പ്രകാരം ഡിപിആറിന് അനുമതി ലഭിച്ച് 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി കനാലിന് ഇരുകരകളിലുമുള്ള കൈയേറ്റങ്ങള്‍ പോലും ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കളക്ടര്‍ ഇടപെട്ട് ഇപ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. തുക അനുവദിക്കുന്നത് അടക്കമുള്ള മറ്റ് സാങ്കേതിക തടസങ്ങള്‍ മാറ്റികിട്ടാന്‍ കോര്‍പറേഷന്റെ ഇടപെടലും ആവശ്യമാണ്.