മഴക്കെടുതി: മൂന്നു ദിവസത്തിനിടെ നാശമുണ്ടായത് 73 വീടുകള്‍ക്ക്
1437028
Thursday, July 18, 2024 6:54 AM IST
കൊച്ചി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ രണ്ടുവീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലുവ, പറവൂര്‍ താലൂക്കുകളിലാണ് പൂര്‍ണമായി തകര്‍ന്ന വീടുകളുള്ളത്.
മുവാറ്റുപുഴ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശം. ഇവരെ 16 വീടുകള്‍ മൂന്നു ദിവസത്തിനിടെ ഭാഗികമായി തകര്‍ന്നു. മൂന്നു വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മട്ടാഞ്ചേരിയില്‍ ലീസ് ഭൂമിയില്‍ നില്ക്കുന്ന പഴക്കമേറിയ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ആലുവ താലൂക്കില്‍ ആറു വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
പാറക്കടവില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. പാറക്കടവ് വില്ലേജ് എളവൂര്‍ പ്രദേശത്ത് ഒന്നാംവാര്‍ഡില്‍ ചുഴലിക്കാറ്റില്‍ ജാതി, റബര്‍, തെങ്ങ്, വാഴയടക്കം നിരവധി വിളകള്‍ മറിഞ്ഞു വീണു വന്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഒടിഞ്ഞു വീണിട്ടുണ്ട്. ചൊവര വില്ലേജ് ചുള്ളിക്കാട്ട് പള്ളിയുടെ പൊതുവായ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ സംരക്ഷണ മതില് ഇടിഞ്ഞു.
കോതമംഗലം താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുട്ടമ്പുഴ വില്ലേജില്‍ രണ്ടും പിണ്ടിമനയില്‍ ഒന്നുമാണ് തകര്‍ന്നത്. പൂയംകുട്ടിയില്‍ ഷാജി, പുളിപ്പറമ്പില്‍ ഉണ്ണി എന്നിവരുടെ വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പാറപ്പുറം ജോയ്, ഇടമന രാജു എന്നിവരുടെ വീടുകളിലേക്ക് മരം വീണു ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
കണയന്നൂര്‍ താലൂക്കില്‍ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവാങ്കുളം വില്ലേജില്‍ കൈപ്പഞ്ചേരില്‍ നാരായണി എന്നവരുടെ ഉടമസ്ഥതയില്‍ ഉള്ള വീടിനു മുകളിലേക്കു പുളിമരം വീണു. കിണര്‍ ഇടിഞ്ഞു താഴ്ന്ന് ഉപയോഗ ശൂന്യമായി. കുന്നത്തുനാട് താലൂക്കില്‍ 15 വീടുകളും ഭാഗികമായി തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് വീടുകള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ദുരിതാശ്വാസ ക്യാമ്പ് അടച്ചു
ജില്ലയിലെ ഏക ദുരിതാശ്വാസ ക്യാമ്പായിരുന്ന പറവൂര്‍ കുറ്റിക്കാട്ടുകര ഗവ. സ്കൂളിലാണ് ക്യാമ്പ് അടച്ചു. നിലവില്‍ 12 കുടുംബങ്ങളിലായി 54 പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. വെള്ളം ഇറങ്ങിയതിനാലാണ് ക്യാമ്പ് അടച്ചത്.
ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
അതിശക്തമായ മഴയും, കാറ്റും മൂലമുള്ള പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് കാലടി മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. 20 ന് മാത്രമേ കേന്ദ്രം ഇനി തുറക്കുകയുള്ളുവെന്ന് മലയാറ്റൂര്‍ എഫ്ഡിഎ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.