പാലാരിവട്ടത്ത് എട്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
1437026
Thursday, July 18, 2024 6:45 AM IST
കൊച്ചി: പാലാരിവട്ടത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് കടിയേറ്റു. പാലാരിവട്ടം, കാരണക്കോടം ഡിവിഷനുകളിലെ പ്രദേശങ്ങളിലാണ് ഒരു തെരുവുനായ ആക്രമണം അഴിച്ചുവിട്ടത്. കടിയേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
ഇന്നലെ രാവിലെ മുതലാണ് പ്രദേശത്ത് തെരുവുനായയുടെ ആക്രണം ഉണ്ടായത്. വഴിയിലൂടെ നടന്നുപോയവരെ കൂടാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവരെ വരെ നായ ഓടിച്ചിട്ട് കടിച്ചു. പള്ളിച്ചാമ്പല് റോഡ്, എലവുങ്കല്‍ റോഡ്, ഫ്രണ്ട്ഷിപ്പ് റോഡ്, ഇന്ദിര റോഡ്, സൗത്ത് ജനതാ റോഡ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്.
പ്രദേശത്തെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റെ നായപിടുത്ത സംഘത്തെ വിവരം അറിയിച്ചെങ്കിലും വാഹനം കേടുസംഭവിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെയാണ് ഇവര്‍ എത്തിയത്. ഇതിനിടെ നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നാട്ടുകാരും നടത്തിയിരുന്നു. പള്ളിച്ചാമ്പല് റോഡിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടിച്ചു കയറ്റിയ നായയെ കോര്‍പറേഷന്റെ ഡോഗ് സ്ക്വാഡ് പിടികൂടി വാഹനത്തില്‍ കൊണ്ടുപോയി.