കൂത്താട്ടുകുളത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു
1435946
Sunday, July 14, 2024 5:04 AM IST
കൂത്താട്ടുകുളം: നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ ഐലൻഡിൽ സിഗ്നൽ ലൈറ്റുകൾ ഘടിപ്പിച്ചു. മാർക്കറ്റ് റോഡിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ കാണും വിധമാണ് പുതിയ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്നത്.
പ്രവർത്തിക്കാത്ത ലൈറ്റുകളിൽ അറ്റകുറ്റപ്പണി നടത്തും. ആദ്യഘട്ട പരിശോധനയിൽ സിഗ്നൽ ലൈറ്റുകളിൽ പലതും കേട് വന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കേടുവന്ന ലൈറ്റുകളുടെ എൽഇഡി പാനലുകൾ കരാറുകാർ മാറ്റി സ്ഥാപിച്ചു. വരും ദിവസങ്ങളിൽ കണ്ട്രോൾ യൂണിറ്റ് പ്രോഗ്രാമിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ടാഴ്ചകൊണ്ട് സിഗ്നൽ ലൈറ്റുകൾ പൂർണമായും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് സിഗ്നൽ ലൈറ്റുകളുടെ കരാറെടുത്തിരിക്കുന്ന ഐറിസ് കന്പനി അധികൃതർ പറയുന്നത്. ടൗണിലെ വാഹനത്തിരക്ക് വർധിച്ച സാഹചര്യത്തിലാണ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള നടപടികളാരംഭിച്ചത്.