കല്ലൂർക്കാട്-മരുതൂർ റോഡ് വശങ്ങൾ ഇടിഞ്ഞ് അപകടാവസ്ഥയിൽ
1435945
Sunday, July 14, 2024 5:04 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ കല്ലൂർക്കാട് - മരുതൂർ പിഡബ്ല്യുഡി റോഡ് ഇരുവശവും ഇടിഞ്ഞ് അപകടാവസ്ഥയിൽ. വീതി കുറഞ്ഞ റോഡിൽ ടാർ ചെയ്ത ഇരുവശങ്ങളും ഇടിഞ്ഞതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെ മറ്റു വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച് വാഴക്കാലകണ്ടം മരുതൂർ വഴി കോട്ടക്കവലയിൽ എത്തുന്ന പ്രധാന റോഡാണിത്. പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫ്, സബ് ട്രഷറി, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മലനിരപ്പ് ലക്ഷം വീട് പ്രദേശത്തേക്കുമായി പോകുന്ന ആളുകൾ ഉപയോഗിക്കുന്നതാണ് ഈ വഴി.
റോഡിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് അധികൃതരെ സമീപിക്കുന്പോൾ പിഡബ്ല്യുഡി റോഡ്സ് വിഭാഗവും അറ്റകുറ്റപ്പണി വിഭാഗവും പരസ്പരം പഴിചാരി ഒഴിഞ്ഞു മാറുകയാണെന്ന് പഞ്ചായത്തംഗം ജോർജ് ഫ്രാൻസീസ് തെക്കേക്കര ആരോപിച്ചു. അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ച് സമര നടപടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.