മഞ്ഞപ്പിത്തം ബാധിച്ച് 76 ദിവസം വെന്റിലേറ്ററിലായിരുന്ന വീട്ടമ്മ മരിച്ചു
1435916
Sunday, July 14, 2024 4:31 AM IST
പെരുന്പാവൂർ: പ്രാർഥനകളും സുമനസുകളുടെ സഹായങ്ങളും വിഫലമായി. മഞ്ഞപ്പിത്തം ബാധിച്ച് 76 ദിവസമായി ചികിത്സയിലായിരുന്ന അഞ്ജന ചന്ദ്രൻ (28) മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ഏപ്രിൽ 27നാണ് അഞ്ജനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ക്രിട്ടിക്കൽ ഐസിയു വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അഞ്ജന അബോധാവസ്ഥയിലായി. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. പ്രഷർ നോർമലാകാതെ വന്നതോടെ ഡയാലിസിസ് ചെയ്യാനും സാധിക്കാത്ത അവസ്ഥയായിരുന്നു. 76 ദിവസത്തെ ചിത്സയ്ക്കായി 25 ലക്ഷത്തിലധികം രൂപ ചെലവായി.
പ്രായമായ മാതാപിതാക്കളും സഹോദരിയും മാത്രമാണ് അഞ്ജനയ്ക്ക് കൂട്ടായി ആശുപത്രിയിൽ ഉണ്ടായിരുന്നത്. അഞ്ജനയ്ക്കൊപ്പം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ശ്രീകാന്ത് 46 ദിവസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്തുവരികയാണ്. അഞ്ജനയുടെ പിതാവ് ചന്ദ്രൻ. മാതാവ് ശോഭന. സഹോദരി ശ്രീലക്ഷ്മി.
മഞ്ഞപ്പിത്ത ബാധയെ തുടർന്ന് വേങ്ങൂരിൽ മൂന്നു പേരും മുടക്കുഴയിൽ ഒരാളുമാണ് ഇതുവരെ മരിച്ചത്.
സർക്കാരിന്റെ ചികിത്സാ സഹായം ലഭിച്ചില്ല: എംഎൽഎ
പെരുന്പാവൂർ: അഞ്ജനയുടെ ചികിത്സയ്ക്കായി യാതൊരു സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ. വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിൽ കുടിവെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്.
രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നുപോലും പരിഹരിക്കാൻ സർക്കാർ തയില്ലെന്നത് ദൗർഭാഗ്യകരമാണെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
അഞ്ജനയ്ക്ക് 15 ലക്ഷത്തോളം രൂപ ചികിത്സയിനത്തിൽ ചിലവായ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടിട്ട് പോലും ഒരു രൂപ പോലും അനുവദിക്കാഞ്ഞത് വളരെ പ്രതിഷേധമാണ്.
വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെന്പറും കമ്മിറ്റി രൂപീകരിച്ച് ധനസഹായ സമാഹരണ യജ്ഞം നടത്തി കുടുംബത്തെ സഹായിച്ചെങ്കിലും അഞ്ജനയുടെ ജീവൻ രക്ഷിക്കാനാകാത്തത് വളരെ ഖേദകരമാണ്. മരണാനന്തര സഹായമായെങ്കിലും 10 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു .